ഭക്ഷ്യസുരക്ഷാ ഉച്ചകോടികളും ആധുനിക കാർഷിക സാങ്കേതികവിദ്യകളും ചർച്ചയാകുന്ന മൂന്ന് ദിവസത്തെ രാജ്യാന്തര മേള ഒക്ടോബർ 6 മുതൽ അഡ്‌നെക് സെന്ററിൽ നടക്കും.
അബുദാബി, ഒക്ടോബർ 2, 2026 :ആഗോള ഭക്ഷ്യ-കാർഷിക മേഖലയിലെ പുതിയ വിപണന സാധ്യതകളും നയതന്ത്ര ചർച്ചകളും ലക്ഷ്യമിട്ട് ഗ്ലോബൽ ഫുഡ് വീക്ക് 2026 ഒക്ടോബർ 6 മുതൽ അബുദാബി അഡ്‌നെക് (ADNEC) സെന്ററിൽ നടക്കും. ഇന്ത്യയെ ഔദ്യോഗിക അതിഥി രാജ്യമായി പ്രഖ്യാപിച്ച മേളയിൽ ഉപഭോക്താക്കൾക്കായി നേരിട്ടുള്ള വിപണന സൗകര്യവും ഇത്തവണ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി (ADAFSA) സഹകരിച്ച് അഡ്‌നെക് ഗ്രൂപ്പാണ് ഒക്ടോബർ 8 വരെ നീളുന്ന ത്രിദിന മേള സംഘടിപ്പിക്കുന്നത്. കാർഷിക സംരംഭകർ, രാജ്യാന്തര നിക്ഷേപകർ, ശാസ്ത്ര ഗവേഷകർ, നയരൂപകർത്താക്കൾ എന്നിവരെ ഒരൊറ്റ കുടക്കീഴിൽ എത്തിക്കുകയാണ് ലക്ഷ്യം.
യുഎഇ-ഇന്ത്യ നയതന്ത്ര വാണിജ്യ ബന്ധങ്ങളുടെ കരുത്ത് വിളിച്ചോതുന്നതാണ് മേളയിലെ ഇന്ത്യയുടെ പങ്കാളിത്തം. ഇന്ത്യൻ കാർഷിക ഉൽപ്പാദകർ, ഭക്ഷ്യ സംസ്കരണ കമ്പനികൾ, കയറ്റുമതിക്കാർ എന്നിവർക്കായി വിപുലമായ പവലിയനാണ് മേളയിൽ സജ്ജമാക്കുന്നത്. ഗൾഫ് വിപണിയിലെ വൻകിട സംഭരണക്കാരുമായും സർക്കാർ ഏജൻസികളുമായും നേരിട്ട് കരാറുകളിൽ ഏർപ്പെടാൻ ബിസിനസ് മീറ്റുകൾ സഹായിക്കും. കോൾഡ് ചെയിൻ വിതരണം, ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യ, പാക്കേജിങ് തുടങ്ങിയ മേഖലകളിലെ സംയുക്ത നിക്ഷേപങ്ങളും ഇതിലൂടെ യാഥാർഥ്യമാകും. ഇന്ത്യൻ ഭക്ഷ്യ-കാർഷിക സംസ്കാരത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനങ്ങളും മേളയിലുണ്ടാകും.
ഇത്തവണത്തെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ‘ഷോപ്പ് അറ്റ് ദ ഷോ’ (Shop at the Show) എന്ന റീട്ടെയിൽ പ്ലാറ്റ്‌ഫോം. ഇടനിലക്കാരില്ലാതെ രാജ്യാന്തര ഉൽപ്പാദകരിൽ നിന്നും യുഎഇയിലെ പ്രാദേശിക കർഷകരിൽ നിന്നും ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ, തേൻ, ഈന്തപ്പഴം, പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ എന്നിവ നേരിട്ട് വാങ്ങാൻ സന്ദർശകർക്ക് അവസരമൊരുങ്ങും.
പ്രമുഖ പാചക വിദഗ്ധർ അണിനിരക്കുന്ന ലൈവ് കുക്കിങ് പ്രദർശനമായ ‘വേൾഡ് ഗോർമെറ്റ് ഷോ’, രാജ്യാന്തര തേൻ രുചികൾ പരിചയപ്പെടുത്തുന്ന ‘ഹണി ടേസ്റ്റിങ് സ്റ്റേഷൻ’, യുഎഇയിലെ ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ‘ഫാർമേഴ്‌സ് മാർക്കറ്റ്’ എന്നിവയും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വ്യവസായ സംരംഭകർക്കായി പ്രത്യേക ഹോസ്റ്റഡ് ബയേഴ്‌സ് പ്രോഗ്രാമും പുതിയ ഉൽപ്പന്നങ്ങളുടെയും വാണിജ്യ കരാറുകളുടെയും പ്രഖ്യാപന വേദിയും പ്രവർത്തിക്കും.
മേളയുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾ:
- ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി സമ്മിറ്റ്: ഒക്ടോബർ 6, 7 തീയതികളിൽ നടക്കുന്ന ഉച്ചകോടി ആഗോള വിതരണ ശൃംഖലകളുടെ ശാക്തീകരണവും ഭക്ഷ്യ പ്രതിസന്ധികൾക്കുള്ള പ്രായോഗിക പരിഹാരങ്ങളും പരിശോധിക്കും.
- അഗ്രിടെക് ഫോറം: മരുഭൂ പ്രദേശങ്ങളിലെ നൂതന കൃഷിരീതികൾ, നിർമിത ബുദ്ധി അധിഷ്ഠിത വിള പരിപാലനം, ശാസ്ത്രീയ ഗവേഷണം എന്നിവ മൂന്ന് ദിവസങ്ങളിലും ചർച്ചയാകും.
- എഫ്.എ.ഒ പോളിസി മജ്‌ലിസ്: പശ്ചിമേഷ്യൻ, വടക്കേ ആഫ്രിക്കൻ മേഖലകളിലെ ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO) നടത്തുന്ന നയരൂപീകരണ ചർച്ചകൾ ഒക്ടോബർ 7, 8 തീയതികളിൽ നടക്കും. യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമായ ‘യലാഫാസ്റ്റ്’ (YalaFast) ഇതിന്റെ ഭാഗമായി അരങ്ങേറും.
- അബുദാബി ഹണി സിമ്പോസിയം: എപിമോണ്ടിയയുമായി (Apimondia) സഹകരിച്ച് വരണ്ട കാലാവസ്ഥയിലെ തേനീച്ച വളർത്തലിന്റെ വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്യും.
- മൃഗസംരക്ഷണ ശിൽപ്പശാല: ജിസിസി-ആഫ്രിക്കൻ മേഖലകൾ തമ്മിലുള്ള സുരക്ഷിതമായ കന്നുകാലി വ്യാപാരവും രോഗനിയന്ത്രണവും സംബന്ധിച്ച് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (WOAH) നേതൃത്വത്തിൽ പ്രത്യേക ചർച്ചകൾ നടക്കും.










