30,000-ലധികം രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്ത പഠനം അമേരിക്കൻ കോളേജ് ഓഫ് സർജൻസ് കോൺഗ്രസിൽ അവതരിപ്പിച്ചു; ആൻറിബയോട്ടിക് ചികിത്സ സുപ്രധാനമായി തുടരുമെന്ന് വിദഗ്ധർ.
വാഷിംഗ്ടൺ : അപ്പെൻഡിസൈറ്റിസ് ബാധിച്ചവരിൽ ശസ്ത്രക്രിയയിലൂടെ അപ്പെൻഡിക്സ് നീക്കം ചെയ്യുന്നത്, ഭാവിയിൽ വൻകുടലിലെ അർബുദ (കൊളോറെക്ടൽ കാൻസർ) സാധ്യത 58 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് അന്താരാഷ്ട്ര മെഡിക്കൽ പഠനം. യുഎസിലെ വാഷിംഗ്ടണിൽ നടന്ന അമേരിക്കൻ കോളേജ് ഓഫ് സർജൻസ് ക്ലിനിക്കൽ കോൺഗ്രസിലാണ് 30,000-ലധികം രോഗികളുടെ ആരോഗ്യ വിവരങ്ങൾ പരിശോധിച്ച നിർണായക കണ്ടെത്തൽ അവതരിപ്പിച്ചത്.
ട്രൈനെറ്റ്‌എക്സ് (TriNetX) ആഗോള ആരോഗ്യ ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. അപ്പെൻഡിസൈറ്റിസ് ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരായ 15,774 പേരെയും, ശസ്ത്രക്രിയ ഒഴിവാക്കി ആന്റിബയോട്ടിക് മരുന്നുകൾ മാത്രം നൽകി സുഖപ്പെടുത്തിയ 15,295 രോഗികളെയുമാണ് താരതമ്യം ചെയ്തത്.
തുടർന്നുള്ള വർഷങ്ങളിലെ പരിശോധനയിൽ, ശസ്ത്രക്രിയയിലൂടെ അപ്പെൻഡിക്സ് മാറ്റിയവരിൽ 0.7 ശതമാനം പേർക്ക് മാത്രമാണ് പിന്നീട് വൻകുടൽ കാൻസർ സ്ഥിരീകരിച്ചത്. എന്നാൽ ആന്റിബയോട്ടിക്കുകൾ വഴി മാത്രം ചികിത്സ തേടിയവരിൽ കാൻസർ ബാധിതരുടെ നിരക്ക് 1.7 ശതമാനമായിരുന്നു.
അടുത്തിടെയായി സങ്കീർണ്ണമല്ലാത്ത അപ്പെൻഡിസൈറ്റിസ് കേസുകളിൽ ശസ്ത്രക്രിയ ഒഴിവാക്കി ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ലോകമെമ്പാടും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം രോഗികൾക്ക് അധിക നിരീക്ഷണം ആവശ്യമാണെന്നതിലേക്കാണ് പുതിയ വിവരങ്ങൾ വിരൽചൂണ്ടുന്നത്.
അതേസമയം, കണ്ടെത്തലുകളെ മുൻനിർത്തി അപ്പെൻഡിസൈറ്റിസ് ബാധിച്ച എല്ലാവർക്കും ശസ്ത്രക്രിയ നിർബന്ധമാണെന്ന് കരുതരുതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വാലന്റൈൻ എൻഫോൻസാം വ്യക്തമാക്കി.
“കാൻസർ തടയാൻ വേണ്ടി മാത്രം എല്ലാവരും അപ്പെൻഡക്ടമി ചെയ്യണമെന്ന് ഇതിനർത്ഥമില്ല. പല രോഗികളിലും ആൻറിബയോട്ടിക് ചികിത്സ ഫലപ്രദമായ മാർഗമായി തന്നെ നിലനിൽക്കുന്നു. എന്നാൽ ശസ്ത്രക്രിയ ഒഴിവാക്കുമ്പോൾ രോഗത്തിന്റെ ആ സമയത്തെ ആശ്വാസം മാത്രമല്ല, ഭാവിയിലെ അർബുദ സാധ്യതകളും നിരീക്ഷണ മാർഗങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ട്,” ഡോ. എൻഫോൻസാം ചൂണ്ടിക്കാട്ടി.
ശരീരത്തിൽ യാതൊരു ഉപയോഗവുമില്ലാത്ത അവയവമെന്ന് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്ന അപ്പെൻഡിക്സ്, ദഹനവ്യവസ്ഥയിലെ പ്രതിരോധശേഷിയിലും കുടലിലെ സൂക്ഷ്മാണുക്കളുടെ (microbiome) സന്തുലിതാവസ്ഥയിലും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മെഡിക്കൽ ലോകം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അപ്പെൻഡിക്സിലെ വിട്ടുമാറാത്ത നീർക്കെട്ടും അണുക്കളുടെ വ്യതിയാനങ്ങളും കാൻസറിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
കൂടാതെ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന അപ്പെൻഡിക്സ് ലാബിൽ ബയോപ്സി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. പ്രാരംഭ ഘട്ടത്തിലുള്ള അർബുദ കോശങ്ങളോ ട്യൂമറുകളോ ഉണ്ടെങ്കിൽ ഈ പരിശോധനയിലൂടെ ഉടനടി കണ്ടെത്താനും ചികിത്സിക്കാനും സാധിക്കും. എന്നാൽ മരുന്ന് മാത്രം കഴിക്കുന്നവരിൽ ഇത്തരം പരിശോധനകൾ നടക്കാത്തതിനാൽ രോഗസാധ്യത തിരിച്ചറിയാൻ വൈകിയേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.










