പ്രതീക്ഷിച്ചതിലും നാലിരട്ടി എൻട്രികൾ ലഭിച്ചതായി ആർ.ടി.എ; പ്രധാന സ്ഥാപനങ്ങൾ സ്പോൺസർമാരായി കൈകോർക്കുന്നു.
ദുബായ്, ഒക്ടോബർ 6, 2026 : ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിക്കുന്ന പതിനാലാമത് ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് (DAST) ഇത്തവണ ലഭിച്ചത് റെക്കോർഡ് പ്രതികരണം. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ 400 ശതമാനത്തിലധികം വർധനവോടെ 750-ലേറെ അപേക്ഷകളാണ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചതെന്ന് ആർ.ടി.എ അറിയിച്ചു.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഗതാഗത പുരസ്കാരങ്ങളിലൊന്നായ ദുബായ് അവാർഡ് ഫോർ സസ്റ്റൈനബിൾ ട്രാൻസ്‌പോർട്ട് ജേതാക്കളെ ഒക്ടോബർ 15-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ദുബായിയുടെ ഹരിത നഗര വികസന കാഴ്ചപ്പാടുകൾക്കും സ്മാർട്ട് മൊബിലിറ്റി പദ്ധതികൾക്കും കരുത്തുപകരുന്ന മികച്ച ആശയങ്ങളെയും പ്രായോഗിക പദ്ധതികളെയുമാണ് ചടങ്ങിൽ ആദരിക്കുക.
യു.എ.ഇയിലെ പ്രമുഖ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ അവാർഡിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ), എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി (ഇനോക് ഗ്രൂപ്പ്) എന്നിവരാണ് സ്ട്രാറ്റജിക് സ്പോൺസർമാർ. യുണൈറ്റഡ് മോട്ടോഴ്‌സ് ആൻഡ് ഹെവി എക്യുപ്‌മെന്റ് കമ്പനി, അൽ ഫാഹിം മോട്ടോഴ്‌സ് എന്നിവർ ഗോൾഡ് സ്പോൺസർമാരായും, പബ്ലിക് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ, മാഡ മീഡിയ, ദുബായ് കസ്റ്റംസ് എന്നിവർ സിൽവർ സ്പോൺസർമാരായും സഹകരിക്കുന്നു.
സുസ്ഥിര ഗതാഗത മേഖലയിൽ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആർ.ടി.എ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സി.ഇ.ഒയും അവാർഡ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ മുന അൽ ഒസൈമി വ്യക്തമാക്കി. പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണം അവാർഡിന്റെ സ്വീകാര്യത മേഖലയിലുടനീളം വർധിപ്പിച്ചതായും ദുബായിയെ നൂതന സാങ്കേതികവിദ്യകളുടെയും സുസ്ഥിര ഗതാഗതത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിൽ ഇത്തരം കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
പതിനാലാം പതിപ്പിൽ അവാർഡ് ഘടന പൂർണമായും പരിഷ്കരിച്ചിട്ടുണ്ട്. എലൈറ്റ്, സുസ്ഥിരത (Sustainability), ഇൻക്ലൂസിവിറ്റി (Inclusivity), ഇന്നൊവേഷൻ (Innovation) എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായി അവാർഡുകളുടെ എണ്ണം 12 ആയി ഉയർത്തി. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, സ്മാർട്ട് പാർക്കിങ് സംവിധാനങ്ങൾ, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ യാത്രാ സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയുള്ള ആശയങ്ങൾക്കാണ് ഇത്തവണ പ്രാമുഖ്യം നൽകിയിരിക്കുന്നത്.
ദുബായിയുടെ നെറ്റ്-സീറോ ലക്ഷ്യങ്ങൾക്കായി ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ദിവയും, ശുദ്ധ ഇന്ധന പദ്ധതികൾ വ്യാപിപ്പിക്കുന്ന ഇനോക്കും പുരസ്കാര പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്. ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് സംവിധാനങ്ങളിലൂടെ ട്രാഫിക് നിയന്ത്രണം എളുപ്പമാക്കുന്ന പാർക്കിൻ, ചരക്കുനീക്കം വേഗത്തിലാക്കി വാണിജ്യ വാഹനങ്ങളുടെ ഇന്ധന ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ദുബായ് കസ്റ്റംസ് എന്നിവയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.
വാണിജ്യ, ചരക്കുനീക്ക മേഖലകളിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ എത്തിക്കുന്ന യുണൈറ്റഡ് മോട്ടോഴ്സും അൽ ഫാഹിം മോട്ടോഴ്സും ഹെവി വാഹനങ്ങളുടെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. സുസ്ഥിര യാത്രാ സംസ്കാരം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാഡ മീഡിയയും സജീവ പങ്കാളിത്തം വഹിക്കുന്നു. സുസ്ഥിര ഗതാഗത രംഗത്ത് മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കിയ കമ്പനികൾ, വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്കുള്ള അവാർഡുകൾ ഒക്ടോബർ 15-ന് കൈമാറും.










