മക്കാനി നമ്പറും ക്യുആർ കോഡും അടങ്ങിയ പുതിയ വീട്ടുനമ്പറുകൾ; ആദ്യഘട്ടത്തിൽ അഞ്ച് മേഖലകളിലായി 2,000 ബോർഡുകൾ മാറ്റിസ്ഥാപിക്കും
ദുബായ്, ഒക്ടോബർ 7, 2026 : നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്ത നിറങ്ങളോടെയുള്ള പുതിയ വിലാസ-ദിശാസൂചിക സംവിധാനത്തിന് ദുബായിൽ തുടക്കമായി. 2030-ഓടെ എമിറേറ്റിലെ 186 പ്രദേശങ്ങളിലും പുതിയ ബോർഡുകളും നമ്പർ പ്ലേറ്റുകളും സ്ഥാപിക്കും.
സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് മുനിസിപ്പാലിറ്റി എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നാലാം പാദത്തിൽ ആരംഭിക്കുന്ന പദ്ധതി 2030 വരെ നീളും. 19 സെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന 186 മേഖലകളിലാണ് ഘട്ടങ്ങളായി മാറ്റം വരുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഞ്ച് മേഖലകളിലായി 2,000-ലധികം സൈൻബോർഡുകൾ മാറ്റിസ്ഥാപിക്കും. സബീൽ 1, സബീൽ 2, നദ്ദ് അൽ ഷെബ, അൽ ഖവാനീജ് 1, നസ്‌വ എന്നീ പ്രദേശങ്ങളിലാണ് ഈ വർഷം തന്നെ പുതിയ സംവിധാനം നിലവിൽ വരിക.
ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനുസൃതമായി അഞ്ച് പ്രധാന നിറങ്ങളാണ് പുതിയ ഐഡന്റിറ്റിയിൽ ക്രമീകരിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലെ ബോർഡുകൾക്ക് നീല നിറവും മരുഭൂമി മേഖലകളിലെ ബോർഡുകൾക്ക് സ്വർണ്ണ നിറവും നൽകിയിരിക്കുന്നു. മറ്റു നഗര, സബർബൻ മേഖലകൾക്കായി പ്രത്യേക വർണ്ണച്ചേർച്ചകളും നിശ്ചയിച്ചിട്ടുണ്ട്.
തെരുവ് ബോർഡുകൾക്ക് പുറമെ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപിക്കുന്ന നമ്പർ പ്ലേറ്റുകളിലും വലിയ മാറ്റം വരുന്നുണ്ട്. പുതിയ പ്ലേറ്റുകളിൽ കെട്ടിടത്തിന്റെ ‘മക്കാനി’ (Makani) നമ്പറും ക്യുആർ കോഡും വ്യക്തമായി രേഖപ്പെടുത്തും. ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ തെരുവിന്റെ പേരിന്റെ ചരിത്രം, പ്രധാന ലാൻഡ്മാർക്കുകൾ, യാത്രാവിവരങ്ങൾ എന്നിവ മൊബൈലിൽ ലഭ്യമാകും.
ജനസാന്ദ്രത, നഗരവികസനം, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യം, നിലവിലെ അഡ്രസിങ് സംവിധാനങ്ങളുടെ ലഭ്യതക്കുറവ് എന്നിവ പരിഗണിച്ചാണ് പ്രദേശങ്ങൾക്ക് മുൻഗണന നൽകുന്നത്. ഭാവിയിൽ ബസ് സ്റ്റോപ്പുകളിലും മൊബൈൽ ആപ്പുകളിലും പൊതു മാപ്പുകളിലും ഇതേ കളർ കോഡിങ് വ്യാപിപ്പിക്കും.










