കാലാവസ്ഥാ വ്യതിയാനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മറികടക്കാൻ ആഗോളതലത്തിൽ നിക്ഷേപവും സാങ്കേതിക സഹകരണവും അനിവാര്യമെന്ന് യുഎൻ-എഫ്എഒ വിദഗ്ധർ.
അബുദാബി, 07 ഒക്ടോബർ 2026 : കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന ജനസംഖ്യയും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കാർഷിക മേഖലയിൽ കൃത്രിമബുദ്ധിയും (എഐ) അത്യാധുനിക ജല പരിപാലന സംവിധാനങ്ങളും വിന്യസിക്കണമെന്ന് അബുദാബിയിൽ നടന്ന ഗ്ലോബൽ ഫുഡ് വീക്ക് സമ്മേളനം ആഹ്വാനം ചെയ്തു.
യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അഡ്നെക് (ADNEC) സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫുഡ് വീക്കിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച, രണ്ടു ദിവസത്തെ ആഗോള ഭക്ഷ്യസുരക്ഷാ ഉച്ചകോടിക്ക് സമാപനമായി. വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, ഗവേഷകർ, രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക സംരംഭകർ എന്നിവർ സുപ്രധാന ചർച്ചകളിൽ പങ്കെടുത്തു.
ഭക്ഷ്യോത്പാദനത്തിലും വിതരണത്തിലും നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സപ്ലൈ ചെയിൻ സുരക്ഷ, പരിസ്ഥിതി സൗഹൃദ ജലസേചന മാതൃകകൾ എന്നിവ ശക്തിപ്പെടുത്തണമെന്ന് ഉച്ചകോടി വിലയിരുത്തി. യുഎൻ ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ) സംഘടിപ്പിച്ച പോളിസി മജ്‌ലിസിൽ ഗൾഫ്-യമൻ മേഖലകളിലെ കാർഷിക വെല്ലുവിളികൾ വിശദമായി പരിശോധിച്ചു. എഫ്എഒ യുഎഇ പ്രതിനിധിയും ജിസിസി-യമൻ സബ് റീജിയണൽ കോർഡിനേറ്ററുമായ അഹമ്മദ് മുഖ്താർ ചർച്ചകൾ നിയന്ത്രിച്ചു. കാർഷിക രംഗത്തേക്ക് സ്വകാര്യ മൂലധനം ആകർഷിക്കുന്നതിന് റിസ്ക് കുറയ്ക്കുന്ന സാമ്പത്തിക നയങ്ങൾ രൂപീകരിക്കണമെന്നും കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം വേണമെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രാദേശിക കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഒരുക്കിയ ഫാർമേഴ്സ് മജ്‌ലിസ് ശ്രദ്ധേയമായി. യുഎഇയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നൂതന ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് രീതികൾ, മണ്ണ് പുനരുജ്ജീവന ഗവേഷണങ്ങൾ എന്നിവ അഗ്രിടെക് ഫോറത്തിൽ പ്രദർശിപ്പിച്ചു. പരമ്പരാഗത കൃഷിരീതികളിൽ നിന്ന് സാങ്കേതികവിദ്യാധിഷ്ഠിത കൃഷിയിലേക്ക് മാറുന്നത് ജല ഉപഭോഗം വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി.
രാജ്യാന്തര ബിസിനസ് പങ്കാളിത്തം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഹോസ്റ്റഡ് ബയേഴ്‌സ് പ്രോഗ്രാമിൽ വൻതോതിലുള്ള വാണിജ്യ ചർച്ചകൾ നടന്നു. ഗൾഫ് വിപണിയിലേക്കുള്ള ഭക്ഷ്യ ഇറക്കുമതി, വിതരണ ശൃംഖല വിപുലീകരണം, അഗ്രിടെക് കരാറുകൾ എന്നിവയിൽ വിദേശ നിക്ഷേപകരും പ്രാദേശിക കമ്പനികളും പ്രാഥമിക ധാരണയിലെത്തി.
പ്രദർശനത്തിന്റെ ഭാഗമായി പുതുതായി ആരംഭിച്ച ബിവറേജ് സോണും വേൾഡ് ഗോർമെറ്റ് ഷോയും സന്ദർശകരെ ആകർഷിച്ചു. ബാരിസ്റ്റകൾ നയിച്ച സ്പെഷ്യാലിറ്റി കോഫി, പരമ്പരാഗത കറക് ചായ, മാച്ച എന്നിവയുടെ ലൈവ് മാസ്റ്റർക്ലാസുകളും അന്താരാഷ്ട്ര ഷെഫുകളുടെ പാചക പ്രദർശനങ്ങളും നടന്നു. വ്യാഴാഴ്ച (ഒക്ടോബർ 8) കോൾഡ് ചെയിൻ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകളോടെ പരിപാടി തുടരും.










