കൃഷി, പരീക്ഷണശാലകൾ, പൊതുജനാരോഗ്യം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരൻ ‘എ ജനറേഷൻ ഫോർ എ ഗ്രേറ്റർ ടുമാറോ’ പദ്ധതിക്ക് സിറ്റി സെന്റർ മിർദിഫിൽ തുടക്കം
ദുബായ്, ഒക്ടോബർ 9 : നഗരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പിന്നിലെ എൻജിനീയറിങ്, കൃഷി, ശുചിത്വ സംവിധാനങ്ങൾ നേരിട്ടറിയാൻ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഇന്ററാക്ടീവ് പ്രദർശനവുമായി ദുബായ് മുനിസിപ്പാലിറ്റി.
ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക്, പ്രത്യേകിച്ച് പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘എ ജനറേഷൻ ഫോർ എ ഗ്രേറ്റർ ടുമാറോ’ പരിപാടി സിറ്റി സെന്റർ മിർദിഫിൽ പുരോഗമിക്കുന്നു. ഒക്ടോബർ 7 മുതൽ 11 വരെ നടക്കുന്ന പരിപാടിയിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.
നഗരപരിപാലനം വെറുമൊരു ഭരണപരമായ കാര്യം മാത്രമല്ലെന്നും ഓരോ പൗരന്റെയും നിത്യജീവിതവുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് പങ്കാളികളാകാൻ കഴിയുന്ന രീതിയിലാണ് വിവിധ സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രദർശനത്തിലെ കാർഷിക കേന്ദ്രത്തിൽ യുഎഇയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തദ്ദേശീയ സസ്യങ്ങളെ പരിചയപ്പെടാനും തൈകൾ നടാനും കുട്ടികൾക്ക് അവസരമുണ്ട്. മണ്ണ് ഒരുക്കൽ, തുള്ളിനന തുടങ്ങിയ ആധുനിക ജലസേചന രീതികൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കുന്നു. മരുഭൂമിയിൽ നഗരത്തെ പച്ചപ്പുള്ളതാക്കി മാറ്റുന്നതിൽ കൃഷി വഹിക്കുന്ന പങ്കും ഇവർക്ക് വിശദീകരിച്ചു നൽകുന്നു.
ലബോറട്ടറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവാണ് മറ്റൊരു പ്രധാന ആകർഷണം. സുരക്ഷിതമായ ചെറിയ ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ട് ചെയ്യാനും, നഗരത്തിലെ ഭക്ഷ്യസുരക്ഷയും നിർമാണ സാമഗ്രികളുടെ ഗുണനിലവാരവും പരിശോധിക്കാൻ മുനിസിപ്പാലിറ്റി നടത്തുന്ന ലാബ് പരിശോധനകൾ എങ്ങനെയെന്ന് മനസ്സിലാക്കാനും കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു.
വീടുകളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പഠിപ്പിക്കുന്ന ഭാഗവും ഒരുക്കിയിട്ടുണ്ട്. തീപിടിത്തം, വീട്ടുപകരണങ്ങളുടെ സുരക്ഷിത ഉപയോഗം, ബീച്ചുകളിലും പാർക്കുകളിലും റോഡുകളിലും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു.
മാലിന്യ സംസ്കരണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ഡിജിറ്റൽ ഗെയിമുകളും ഇവിടെയുണ്ട്. വേസ്റ്റ് കൃത്യമായി വേർതിരിക്കേണ്ടതിന്റെ ആവശ്യകതയും വളർത്തുമൃഗങ്ങളുടെ പരിചരണവും പൊതുജനാരോഗ്യത്തിൽ മൃഗസംരക്ഷണ വകുപ്പ് വഹിക്കുന്ന പങ്കും ഈ ഗെയിമുകളിലൂടെ കുട്ടികൾ തിരിച്ചറിയുന്നു. കൂടാതെ, കുട്ടികളുടെ ആശയവിനിമയ ശേഷിയും അവതരണ പാടവവും വളർത്താൻ സഹായിക്കുന്ന ഒരു പ്രത്യേക മീഡിയ പ്ലാറ്റ്‌ഫോമും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാനും നഗരവികസനത്തിൽ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റി ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്.










