‘വാട്ടർലാൻഡ്’, ‘വെൻ മെമ്മറീസ് സിംഗ്’, ‘ഇംപോസിബിൾ ഓർ സയൻസ്’ എന്നീ കുടുംബവേദികൾ നവംബർ 4 മുതൽ എക്സ്പോ സെന്ററിൽ അരങ്ങേറും.
ഷാർജ, 22 ഒക്ടോബർ 2026 : നവംബർ നാലിന് ആരംഭിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ (എസ്.ഐ.ബി.എഫ്) കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കാൻ മൂന്ന് വമ്പൻ ലൈവ് സ്റ്റേജ് ഷോകൾ ഒരുങ്ങുന്നു.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം നടക്കുന്നത്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഇത്തവണത്തെ മേളയിൽ പുസ്തക വിൽപ്പനയ്ക്കും സാഹിത്യ ചർച്ചകൾക്കും ഒപ്പം നാടകം, സംഗീതം, വിജ്ഞാന വിനോദങ്ങൾ എന്നിവ കോർത്തിണക്കിയാണ് തത്സമയ വേദികൾ സജ്ജീകരിക്കുന്നത്.



‘വാട്ടർലാൻഡ്’ എന്ന നാടകം, ഓർമ്മകളെ ഉണർത്തുന്ന ‘വെൻ മെമ്മറീസ് സിംഗ്’, കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്ന ‘ഇംപോസിബിൾ ഓർ സയൻസ്’ എന്നീ പരിപാടികളാണ് വേദിയിലെത്തുന്നത്.
അപരിചിതരോടുള്ള ഭയവും സഹവർത്തിത്വവും പ്രമേയമാക്കിയാണ് ‘വാട്ടർലാൻഡ്’ എന്ന തിയറ്റർ നാടകം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു വിനോദസഞ്ചാര നഗരത്തിൽ നടക്കുന്ന ആഘോഷങ്ങൾക്കിടയിലേക്ക് അഗ്നിപർവ്വത സ്ഫോടനം മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഉഭയജീവികൾ അഭയം തേടിയെത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. വിഭിന്നരായ ജീവികളോടുള്ള മനുഷ്യരുടെ സമീപനവും അതിജീവനവുമാണ് നാടകം ചർച്ച ചെയ്യുന്നത്. ഹുസൈൻ അൽ മഹ്ദി, ഷൈല സബ്ത്, ഗുറൂർ സഫർ, മുഹമ്മദ് അൽ മുസ്ലിം തുടങ്ങിയ പ്രമുഖ അറബ് താരങ്ങളാണ് ഇതിൽ അണിനിരക്കുന്നത്. എക്സ്പോ സെന്ററിലെ അൽ താവൂൻ പ്രവേശന കവാടത്തിന് സമീപമുള്ള ഔട്ട്ഡോർ തിയറ്ററിൽ നവംബർ 14-ന് രാത്രി 7:30 മുതൽ 9:00 വരെയും, നവംബർ 15-ന് വൈകിട്ട് 6:00 മുതൽ 7:30 വരെയുമാണ് പ്രദർശനം.
അറബ് ലോകത്തെ മുൻതലമുറകളുടെ ഗൃഹാതുരത്വമുണർത്തുന്ന സംഗീത നാടക വേദിയാണ് ‘വെൻ മെമ്മറീസ് സിംഗ്’. ടെലിവിഷൻ പരമ്പരകളിലൂടെയും കുട്ടിക്കാല ഗാനങ്ങളിലൂടെയും സുപരിചിതരായ മർവാൻ ഫർഹത്, അമൽ സഈദ് അൽ-ദിൻ, ബുഥൈന ഷിയ, ആസിം സുകാർ എന്നിവർ ആദ്യമായി ഒരുമിച്ച് ഈ വേദിയിലെത്തും. നവംബർ 7-ന് വൈകിട്ട് 7:30 മുതൽ 9:00 വരെയാണ് ഷോ. പരിപാടിക്ക് ശേഷം കലാകാരന്മാരെ നേരിൽ കണ്ട് ചിത്രങ്ങളെടുക്കാനുള്ള അവസരവും പ്രേക്ഷകർക്ക് ലഭിക്കും.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കുന്ന തത്സമയ ശാസ്ത്ര പരീക്ഷണ വേദിയാണ് ‘ഇംപോസിബിൾ ഓർ സയൻസ്’. ശാസ്ത്ര വിദഗ്ദ്ധൻ അബ്ദുള്ള അന്നാൻ നയിക്കുന്ന പരിപാടിയിൽ കൺകെട്ട് വിദ്യകളെന്ന് തോന്നിക്കുന്ന ആറ് സങ്കീർണ്ണ പ്രതിഭാസങ്ങൾക്ക് പിന്നിലെ ശാസ്ത്രീയ തത്വങ്ങൾ ലളിതമായി വിശദീകരിക്കും. ചോദ്യങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സദസ്സിനെ നേരിട്ട് പങ്കാളികളാക്കിയാണ് ഈ വേദി ഒരുക്കിയിരിക്കുന്നത്. നവംബർ 8-ന് വൈകിട്ട് 6:00 മുതൽ 7:30 വരെയാണ് ഇതിന്റെ പ്രദർശനം.
ഷോകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് പ്ലാറ്റിനംലിസ്റ്റ് (Platinumlist) വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.










