മലപ്പുറം | UAE വാർത്ത
മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്ലമ രംഗത്തെത്തി. വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമാണ് മന്ത്രിയുടെ പരാമർശങ്ങളെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
പാണക്കാട് നടന്ന സമസ്ത പൈതൃക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. കേരളീയ സമൂഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ പിൻവലിച്ച് മന്ത്രി സജി ചെറിയാൻ പൊതുസമൂഹത്തോട് മാപ്പ് സമസ്ത പൈതൃക സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്‌വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പ്രമേയം അവതരിപ്പിച്ചത്.
നേരത്തെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും മന്ത്രിയുടെ പരാമർശങ്ങളെ ശക്തമായി വിമർശിച്ചിരുന്നു. കരുണയും സ്‌നേഹവും അനുകമ്പയും വറ്റിപ്പോയ സാമൂഹികാവസ്ഥയാണ് ഇന്നത്തെ കേരളത്തിൽ പ്രകടമാകുന്നതെന്നും, മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കരുതുന്നവർ മതേതര കേരളത്തെ ഗുരുതര പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടി.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് തന്നെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ എങ്ങനെ കഴിയുന്നു എന്ന ചോദ്യവും സമസ്ത ഉയർത്തി. വർഗീയ പരാമർശങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സാധാരണമായി മാറുന്ന സാഹചര്യത്തിൽ ശക്തമായ സാമൂഹിക ജാഗ്രത ആവശ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
മന്ത്രി നടത്തിയ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎമ്മിന്റെ ഘടകകക്ഷികൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തി. ഇതിന് പിന്നാലെ കോൺഗ്രസ് വക്താവ് അനൂപ് വി.ആർ മന്ത്രിക്കെതിരെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.





































