ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ദിവസേന മൂന്ന് ബസ് സർവീസുകൾ; സന്ദർശകർക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങളൊരുക്കി ഷാർജ ബുക്ക് അതോറിറ്റി.
ഷാർജ, യു.എ.ഇ — ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിനെത്തുന്ന സന്ദർശകർക്കായി വിപുലമായ യാത്രാ-പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ദുബായ്, അജ്മാൻ എമിറേറ്റുകളിൽ നിന്നുള്ള പ്രതിദിന ബസ് സർവീസുകൾ, രണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള സൗജന്യ ബോട്ട് സർവീസ്, സൗജന്യ പാർക്കിങ്, ഷട്ടിൽ ബസ് കണക്റ്റിവിറ്റി എന്നിവയാണ് മേള നടക്കുന്ന എക്സ്പോ സെന്ററിലേക്ക് സജ്ജമാക്കിയിരിക്കുന്നത്. പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളിലെല്ലാം ഈ സൗകര്യങ്ങൾ ലഭ്യമാകും.

ദുബായ് ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ, സിറ്റി സെന്റർ അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ദിവസവും രാവിലെ 9:00, ഉച്ചയ്ക്ക് 1:00, വൈകിട്ട് 5:00 എന്നീ സമയങ്ങളിൽ പുസ്തകോത്സവ നഗരിയിലേക്ക് ബസുകൾ പുറപ്പെടും. എക്സ്പോ സെന്ററിൽനിന്ന് തിരികെ ഇവിടങ്ങളിലേക്കുള്ള സർവീസുകൾ ഉച്ചയ്ക്ക് 12:00, വൈകിട്ട് 4:00, രാത്രി 9:00 എന്നീ സമയങ്ങളിലായിരിക്കും.
ഷാർജ അക്വേറിയം സ്റ്റേഷൻ, അൽ ഖസ്ബ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് എക്സ്പോ സെന്ററിലേക്ക് ദിവസവും സൗജന്യ ബോട്ട് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം വാഹനങ്ങളിലെത്തുന്നവർക്കായി എക്സ്പോ സെന്റർ മുതൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വരെയുള്ള റോഡരികിൽ അധിക സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് സന്ദർശകരെ വേദിയിലെത്തിക്കാൻ സൗജന്യ ഷട്ടിൽ ബസുകളുണ്ടാകും. എക്സ്പോ സെന്ററിലെ സ്ഥിരം പാർക്കിങ് ഗ്രൗണ്ടും മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രവും ഉപയോഗിക്കാവുന്നതാണ്.
ഷാർജ നഗരത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് അൽ താവുൻ സ്ട്രീറ്റ് അല്ലെങ്കിൽ കോർണിഷ് സ്ട്രീറ്റ് വഴി എക്സ്പോ സെന്ററിലെത്താം. അൽ ഇത്തിഹാദ് റോഡ് വഴിയെത്തുന്നവർ അൽ താവുൻ ടണൽ ഇന്റർചേഞ്ചാണ് ഉപയോഗിക്കേണ്ടത്. ദുബായിൽ നിന്ന് അൽ നഹ്ദ ഇന്റർചേഞ്ച് വഴി അൽ താവുൻ സ്ട്രീറ്റിലെത്തി കോർണിഷ് സ്ട്രീറ്റിലൂടെ എക്സ്പോ സെന്ററിലേക്ക് പ്രവേശിക്കാം.











