ദുബായ്: വിസാ നിയമങ്ങളും താമസനടപടികളും സംബന്ധിച്ച ആധികാരിക വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധേയനായ ലഫ്റ്റനന്റ് കേണൽ സാലിം മുഹമ്മദ് ബിൻ അലിക്ക് മികച്ച ഔദ്യോഗിക വക്താവിനുള്ള പുരസ്‌കാരം. പതിമൂന്നാമത് ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്‌സിലെ വ്യക്തിഗത പുരസ്‌കാര വിഭാഗത്തിലാണ് ജി.ഡി.ആർ.എഫ്.എ ദുബായ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.ഷാർജ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പുരസ്‌കാരം സമ്മാനിച്ചു.
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടയിലും പൊതുമാപ്പ് സമയങ്ങളിലും വിസാ–താമസ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത നൽകിയ ഉദ്യോഗസ്ഥനാണ് ലഫ് : കേണൽ സാലിം ബിൻ അലി. സേവനങ്ങൾ ലഭ്യമാകുന്ന മാർഗങ്ങളും താമസരേഖകൾ ക്രമപ്പെടുത്താനുള്ള നടപടികളും വിശദീകരിച്ച് പ്രവാസികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിൽ അദ്ദേഹം സജീവ പങ്കുവഹിച്ചു.
സർക്കാർ സ്ഥാപനങ്ങളുടെ നയങ്ങളും സേവനങ്ങളും ജനങ്ങൾക്കും മാധ്യമങ്ങൾക്കും വ്യക്തമായും കൃത്യമായും വിശദീകരിക്കുന്ന ഉദ്യോഗസ്ഥരെയാണ് ‘മികച്ച ഔദ്യോഗിക വക്താവ്’ -വിഭാഗത്തിൽ ആദരിക്കുന്നതെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ സന്ദേശം ഫലപ്രദമായി കൈമാറാനുള്ള കഴിവ്, പ്രതിസന്ധിഘട്ടങ്ങളിലെ ആശയവിനിമയ മികവ്, സുതാര്യതയും വിശ്വാസ്യതയും പാലിച്ച് പൊതുവിശ്വാസം വളർത്തുന്നതിലെ പങ്ക് എന്നിവയാണ് പ്രധാന വിലയിരുത്തൽ മാനദണ്ഡങ്ങൾ.
സന്ദേശങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനും വിശ്വാസം വളർത്താനും സമൂഹവുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് വ്യക്തമാക്കി. സുതാര്യവും വിശ്വാസയോഗ്യവുമായ സർക്കാർ ആശയവിനിമയത്തിൽ സ്ഥാപനത്തിന്റെ മികവ് അടിവരയിടുന്നതാണ് പുരസ്‌കാരമെന്നും അറിയിച്ചു.
അംഗീകാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സാലിം ബിൻ അലി പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ പുരസ്‌കാരം കൂടുതൽ മികവോടെ പ്രവർത്തിക്കാനും രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന നേട്ടങ്ങൾ കൈവരിക്കാനുമുള്ള പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.










