അജ്മാൻ അർബൻ പ്ലാൻ 2040-ന്റെ ഭാഗമായി പൂർത്തിയാക്കിയ പദ്ധതിയിൽ കായിക പാതകൾ, സൈക്ലിങ് ട്രാക്ക്, വിപുലമായ ഹരിത ഇടങ്ങൾ എന്നിവ സജ്ജമാക്കി.
അജ്മാൻ, യു.എ.ഇ — നവീകരിച്ച അജ്മാൻ ബീച്ച് വികസന പദ്ധതി ഔദ്യോഗികമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങൾ അജ്മാൻ നഗരസഭാ ആസൂത്രണ വകുപ്പ് വിലയിരുത്തി. മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ നുഐമിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് നിർമ്മാണ പുരോഗതി പരിശോധിച്ചു.
അജ്മാൻ അർബൻ പ്ലാൻ 2040, അജ്മാൻ വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബീച്ച് ഫ്രണ്ട് വികസന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ പ്രകൃതിദത്ത വിനോദ കേന്ദ്രമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നതെന്ന് അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി.
തീരദേശ സൗന്ദര്യവൽക്കരണത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി കോർണിഷിൽ പ്രത്യേക സ്പോർട്സ് വോക്വേയും സൈക്ലിങ് ട്രാക്കും നിർമ്മിച്ചിട്ടുണ്ട്. തീരദേശത്തോട് ചേർന്ന് ഹരിത ഇടങ്ങൾ വിപുലീകരിച്ചതായും അധികൃതർ അറിയിച്ചു.
ബീച്ചിന്റെ വിസ്തൃതി വർധിപ്പിച്ചതും നടപ്പിലാക്കിയ പ്രധാന ഘട്ടങ്ങളും ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജി. മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി വിശദീകരിച്ചു. പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജി. ഖാലിദ് മുഈൻ അൽ ഹൊസനി, റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എൻജി. അബ്ദുല്ല മുസ്തഫ അൽ മർസൂഖി എന്നിവരടങ്ങിയ സംഘവും പരിശോധനയിൽ പങ്കെടുത്തു.










