യുഎഇ റോയൽ ഫാമിലി അംഗം ഷെയ്ഖ് അലി അൽ മുല്ല നവംബർ 8-ന് എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം നിർവഹിക്കും.
ഷാർജ, യു.എ.ഇ — നാൽപ്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മാധ്യമപ്രവർത്തകരായ നവാസ് മേത്തർ, ഷംനാദ് പുതുശ്ശേരി എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. നവംബർ 8-ന് ഉച്ചയ്ക്ക് 12.30-ന് ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിലാണ് ചടങ്ങ്.
ചിത്രകാരനും ആർഡെക്കോ ചെയർമാനും റോയൽ ഫാമിലി അംഗവുമായ ഷെയ്ഖ് അലി അൽ മുല്ല പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. കേരള വിഷൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘ആ കാറും ഏഴു മരണവും’, ‘വിശുദ്ധന്റെ കുമ്പസാരം’ എന്നീ പുസ്തകങ്ങളാണ് വേദിയിൽ പുറത്തിറക്കുന്നത്. കണ്ണൂർ വിഷൻ അവതാരകൻ കൂടിയായ നവാസ് മേത്തറുടെ ആദ്യ പുസ്തകം ‘ആ താലി മാല തേടി ആരും വന്നില്ല’ എന്ന കൃതിയുടെ ആറാം പതിപ്പും ഇതോടൊപ്പം പ്രകാശനം ചെയ്യും. കൈരളി പബ്ലിക്കേഷൻസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ഡോ. എം.പി. ഹസ്സൻകുഞ്ഞി, അൽ-മദീന ഗ്രൂപ്പ് ചെയർമാൻ അബ്ദുള്ള പൊയിൽ, മലബാർ ഗ്രൂപ്പ് ഡയറക്ടർ എ.കെ. ഫൈസൽ, യുഎഇയിലെ ഇന്ത്യ-ജിസിസി ട്രേഡ് കമ്മീഷണർ അഡ്വ. സുധീർ ബാബു എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും.
യുഎസ്എ അലോണിക്സ് ടെക്നോളജീസ് ഫൗണ്ടറും സിഇഒയുമായ ആകാർശ് കൊളപ്രത്ത്, മറിയ ഗ്രൂപ്പ് ഫൗണ്ടറും സിഇഒയുമായ ഡോ. ആഷിക് മാമു, കേരള വിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രിജേഷ് ആച്ചാണ്ടി, മിഡിൽ ഈസ്റ്റ് യുഎഇ വാർത്ത ചീഫ് എഡിറ്റർ അനൂപ് കീച്ചേരി, ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് കെ.എസ്.എ., ശ്രീഹരി വൈദ്യപീഠം മേൽശാന്തി ശ്രീഹരി ഗിരീഷ് നമ്പൂതിരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കൈരളി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ സ്വാഗതവും അസോസിയേറ്റ് എഡിറ്റർ എ.കെ. ബിജുരാജ് നന്ദിയും രേഖപ്പെടുത്തും.










