കലാപരമായ മൂല്യങ്ങളും ദേശീയ സ്വത്വവും നിലനിർത്തിക്കൊണ്ടുതന്നെ സർഗാത്മകതയെ സാമ്പത്തിക സ്രോതസ്സാക്കി മാറ്റാമെന്ന് വിദഗ്ധർ
ഷാർജ, യു.എ.ഇ — സർഗാത്മക സൃഷ്ടികളെ വെറും വിപണി ഉൽപന്നങ്ങളാക്കി ചുരുക്കാതെ, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും സ്വത്വവും ഉയർത്തിപ്പിടിച്ച് ക്രിയേറ്റീവ് ഇക്കോണമിയുടെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ (SIBF 2026) വിപുലമായ ചർച്ച നടന്നു. യു.എ.ഇയിലെ കലാമേഖലയുടെ വളർച്ചയെ അടിസ്ഥാനമാക്കി ചരിത്രകാരന്മാരും എഴുത്തുകാരും പങ്കെടുത്ത പാനൽ ചർച്ചയാണ് പുസ്തകോത്സവ വേദിയിൽ ശ്രദ്ധേയമായത്.
ഗവേഷകയും കലാചരിത്രകാരിയുമായ ഡോ. നുഹ ഹിലാൽ ഫറാൻ, എഴുത്തുകാരനും പ്രമുഖ കലാകാരനുമായ ജാസിം റബീ അൽ അവാദി എന്നിവരാണ് സെഷനിൽ പങ്കെടുത്തത്. തിങ്കിങ് ആർട്ട് ഫൗണ്ടേഷൻ സ്ഥാപകൻ സാലെം അൽ ജുനൈബി ചർച്ച നിയന്ത്രിച്ചു. ഡോ. നുഹ ഹിലാൽ ഫറാന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനവും ഒപ്പുശേഖരണ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.
കല കേവലം സൗന്ദര്യാസ്വാദനത്തിന് മാത്രമല്ല, ദേശീയ സ്വത്വത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാനും കഴിയുന്ന സാമ്പത്തിക സ്രോതസ്സാണെന്ന് അസ്വാർ ആർട്സ് സെന്റർ സ്ഥാപക കൂടിയായ ഡോ. നുഹ വ്യക്തമാക്കി. സർഗാത്മകതയെ ഉൽപാദനക്ഷമമായ വിഭവമായും സംസ്കാരത്തെ വികസന ആസ്തിയായും കാണുകയാണ് വേണ്ടത്. യുവ പ്രതിഭകൾക്കുള്ള പിന്തുണ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, കൃത്യമായ നയരൂപീകരണം എന്നിവ ക്രിയേറ്റീവ് മേഖലയുടെ അടിത്തറയാണ്. ഡിജിറ്റൽ പരിവർത്തനത്തിന്റെ കാലത്ത് കലാപരമായ മൂല്യങ്ങളും വാണിജ്യ ആവശ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ ആദ്യകാല ചിത്രകാരന്മാരും ഫോട്ടോഗ്രാഫർമാരും നടത്തിയ വ്യക്തിഗത ശ്രമങ്ങളാണ് പിന്നീട് ഘടനാപരമായ സാംസ്കാരിക സ്ഥാപനങ്ങളായും പ്രദർശനങ്ങളായും മാറിയതെന്ന് യു.എ.ഇയിലെ കലാ-ഫോട്ടോഗ്രഫി മുന്നേറ്റങ്ങളുടെ തുടക്കക്കാരനായ ജാസിം റബീ അൽ അവാദി ചൂണ്ടിക്കാട്ടി. മുൻതലമുറ നൽകിയ സംഭാവനകൾ കൃത്യമായി രേഖപ്പെടുത്തി സംരക്ഷിക്കേണ്ടതുണ്ട്. ആ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുമ്പോൾ മാത്രമേ സർഗാത്മക സമ്പദ്വ്യവസ്ഥ കൂടുതൽ സുസ്ഥിരമായി വളരൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.










