ദുബൈ: വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ (ഡബ്ല്യു.എം.ഒ) സ്ഥാപകരിലൊരാളും ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയുമായിരുന്ന മര്‍ഹൂം ജമാല്‍ സാഹിബിന്റെ സ്മരണാര്‍ഥം ദുബൈ ഡബ്ല്യു.എം.ഒ കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം പി. എ. സല്മാന് സമ്മാനിക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യമെന്ന് കമ്മിറ്റി ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പേസ് ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടറായ പി. എ സല്മാന് വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ സജീവമാണ്. പരേതനായ പി. എ ഇബ്രാഹിം ഹാജിയുടെ മകനാണ്.
നവംബര്‍ 21ന് രാവിലെ 10 മണിക്ക് വയനാട് മുട്ടില്‍ ഡബ്ല്യു.എം.ഒ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, സാമൂഹിക, രാഷ്ട്രീയ, മത രംഗങ്ങളിലെ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അന്നേ ദിവസം വേദിയില്‍ സ്ത്രീധനരഹിത സമൂഹവിവാഹവും നടക്കും. ഡബ്ല്യു.എം.ഒ സംഘടിപ്പിച്ച സ്ത്രീധനരഹിത വിവാഹ സംഗമങ്ങളിലൂടെ ഇതുവരെ 2,400 യുവതീയുവാക്കള്‍ വിവാഹിതരായി.

കുട്ടിയെ ഒരു വ്യക്തിയായി മാനിക്കുക
‘Respect the child as a person’ എന്ന ആശയമാണ് ജമാല്‍ സാഹിബിന്റെ ശിശുപരിപാലന സമീപനത്തിന്റെ അടിത്തറ. ഓരോ കുട്ടിയുടെയും ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും മാന്യത നല്‍കുക എന്നത് ദൈനംദിന പരിചരണത്തിലും പ്രകടമായിരുന്നു. ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവസരവും മികച്ച താമസസൗകര്യവും ആധുനിക അടുക്കളയും ഒരുക്കുന്നതോടൊപ്പം, തുടര്‍പഠനം, തൊഴില്‍, വിവാഹം, പുനരധിവാസം എന്നിവയിലും ഡബ്ല്യു.എം.ഒ പിന്തുണ നല്കി. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സംരക്ഷണവും റോഹിങ്ക്യന്‍ കുട്ടികള്‍ക്ക് അഭയവും ഒരുക്കി. വിദേശത്തും നാട്ടിലെ വിവിധ പഞ്ചായത്തുകളിലും വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ഡബ്ല്യു.എം.ഒയുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം വിപുലമാക്കാന്‍ ജമാല്‍ സാഹിബ് നേതൃത്വം നല്കി. മഹല്ലുകളുമായി ബന്ധം ശക്തിപ്പെടുത്തി അവരുടെ പിന്തുണ ഉറപ്പാക്കി. വനിതാ സന്ദര്‍ശനങ്ങള്‍, കുടുംബസംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയിലൂടെയും കൂടുതല്‍ ആളുകള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അടുത്തു.


വിദ്യാഭ്യാസവും കാരുണ്യപ്രവര്‍ത്തനവും
രണ്ട് കോളേജുകള്‍, നാല് സി.ബി.എസ്.ഇ. സ്കൂളുകള്‍, എയ്ഡഡ് സ്കൂളുകള്‍ എന്നിവ ഡബ്ല്യു.എം.ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്‍ കോളേജ്, ഇമാം ഗസ്സാലി അക്കാദമി, വനിതാ ശരീഅത്ത് കോളേജ്, അറബിക് കോളേജ് എന്നിവയാണ് നാല് മതപഠന കേന്ദ്രങ്ങള്‍. പ്രധാന ക്യാമ്പസിന് പുറമെ ടി.കെ.എം. ഓര്‍ഫനേജ്, കല്ലൂര്‍ ഹാബിറ്റാറ്റ് എന്നീ രണ്ട് ക്യാമ്പസുകളുമുണ്ട്. മൂന്ന് പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്കു സമീപമുള്ള ബാഫഖി ഹോം കാരുണ്യകേന്ദ്രങ്ങള്‍, ഒടിപ്സ് (OTIPS), പ്രസ്, എച്ച്.ആര്.ഡി. പരിശീലനകേന്ദ്രം എന്നിവയും ഡബ്ല്യു.എം.ഒയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ‘ആശ’ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് സ്വയംസംരംഭങ്ങള്‍ ആരംഭിക്കാന്‍ പലിശരഹിത വായ്പ നല്കുന്നു.
ഡബ്ലിയു എം ഒ ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ജമാല്‍ സാഹിബ് പുരസ്കാരം ഒരുക്കിയിട്ടുള്ളത്. ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി മുഹമ്മദ്, വൈസ് പ്രസിഡന്റ് മൊയ്തു മക്കിയാട്, ട്രഷറര്‍ അഡ്വ.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.










