ദുബായ് മുനിസിപ്പാലിറ്റി ജി.ഐ.എസ് സെന്ററിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ഭൂപടങ്ങളും ഉപഗ്രഹ ചിത്രങ്ങളും ഉൾപ്പെടുന്ന സമഗ്ര രേഖ പ്രകാശനം ചെയ്തത്.
ദുബായ്, യു.എ.ഇ — എമിറേറ്റിന്റെ ചരിത്രപരമായ മാറ്റങ്ങളും ഭാവി വികസന സാധ്യതകളും രേഖപ്പെടുത്തുന്ന സമഗ്ര ഭൂമിശാസ്ത്ര-ദൃശ്യ സമാഹാരമായ ‘ദുബായ് അറ്റ്ലസ്’ ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കി.
ഭൂമിശാസ്ത്ര വിവരങ്ങൾ, പഴയകാല ഭൂപടങ്ങൾ, ആകാശ-ഉപഗ്രഹ ചിത്രങ്ങൾ എന്നിവ ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് ഈ പ്രസിദ്ധീകരണം. ലോക ജി.ഐ.എസ് ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സെന്ററിന്റെ 25-ാം വാർഷികാഘോഷ ചടങ്ങിലായിരുന്നു പ്രകാശനം. ’25 വർഷങ്ങൾ: ആദ്യ ഭൂപടത്തിൽ നിന്ന് ഭാവി നഗരത്തിലേക്ക്’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പത്ത് അധ്യായങ്ങളുള്ള അറ്റ്ലസിൽ ജനസംഖ്യാ കണക്കുകൾ, റോഡ്-ഗതാഗത ശൃംഖലകൾ, പരിസ്ഥിതി, സംസ്കാരം, പൈതൃകം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പൊതുസൗകര്യങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നു. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ഗാഫ് മരങ്ങൾ, ഹരിത ഇടങ്ങൾ, കൃഷിയിടങ്ങൾ, ഭക്ഷ്യസുരക്ഷ, അണക്കെട്ടുകൾ, മലയോര പാതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരാസൂത്രണം, ഭൂമി പരിപാലനം, ഗതാഗത വിശകലനം, നിർമ്മാണ അനുമതികൾ, മുനിസിപ്പൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഭൂമിശാസ്ത്ര വിവരങ്ങളുടെ പ്രായോഗിക ഉപയോഗം അറ്റ്ലസ് പരിശോധിക്കുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടൽ, പരിസ്ഥിതി നിരീക്ഷണം, സ്മാർട്ട് സിറ്റി വികസനം, ഡിജിറ്റൽ ട്വിന്നുകൾ, നിർമ്മിത ബുദ്ധി (എ.ഐ), ബിഗ് ഡാറ്റ അനലിറ്റിക്സ് എന്നിവയിലെ നൂതന സാധ്യതകളും ഇതിൽ വിശകലനം ചെയ്യുന്നുണ്ട്.

കൃത്യവും ദീർഘവീക്ഷണമുള്ളതുമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഭൂമിശാസ്ത്ര വിവരങ്ങൾ സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ബിൽഡിംഗ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസി സി.ഇ.ഒ എൻജിനീയർ മറിയം അൽ മുഹൈരി പറഞ്ഞു. നഗരാസൂത്രണത്തിന്റെയും ഭാവി സജ്ജീകരണങ്ങളുടെയും അടിസ്ഥാന തൂണായി ജിയോസ്പേഷ്യൽ ഡാറ്റയെ മാറ്റുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ചടങ്ങിന്റെ ഭാഗമായി ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യയിലും ഗവേഷണത്തിലും സഹകരിക്കുന്നതിനായി മാൻഷൻസ് ഇന്റലക്റ്റ ടെക്നോളജീസ് എൽ.എൽ.സിയുമായി ദുബായ് മുനിസിപ്പാലിറ്റി ധാരണാപത്രം ഒപ്പുവെച്ചു. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തിലൂടെ നഗരത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ജി.ഐ.എസ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും ജീവിതനിലവാരം ഉയർത്താനും സാധിക്കുമെന്ന് ജി.ഐ.എസ് സെന്റർ വിഭാഗം ഡയറക്ടർ എൻജിനീയർ മൈത അൽ നുഐമി അഭിപ്രായപ്പെട്ടു.











