അഞ്ച് ദിർഹം മുതൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാം; നിബന്ധനകൾക്ക് വിധേയമായി പ്രതിവർഷം മൂന്ന് ശതമാനം വരെ അധിക വരുമാനത്തിനും അവസരം.
ദുബായ്, യു.എ.ഇ. — യു.എ.ഇ.യിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്കായി ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ധനവിനിമയ സ്ഥാപനമായ അസ്പോറയും ഡിജിറ്റൽ പ്രഷ്യസ് മെറ്റൽ നിക്ഷേപ പ്ലാറ്റ്ഫോമായ ഓ ഗോൾഡും. ദുബായ് ഫിൻടെക് സമ്മിറ്റിൽ പ്രഖ്യാപിച്ച ഈ പങ്കാളിത്തത്തിലൂടെ അഞ്ച് ദിർഹം മുതൽ മൂല്യമുള്ള സ്വർണ്ണം ഡിജിറ്റൽ രൂപത്തിൽ വാങ്ങാനും വിൽക്കാനും നിക്ഷേപമായി സൂക്ഷിക്കാനും സാധിക്കും.
നിബന്ധനകൾക്ക് വിധേയമായി പ്രതിവർഷം മൂന്ന് ശതമാനം വരെ അധിക വരുമാനം നേടാനുള്ള അവസരവും പദ്ധതിയിലുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് അധിക വരുമാനത്തിൽ വ്യത്യാസങ്ങൾ വരാം. നിക്ഷേപിക്കുന്ന സ്വർണ്ണത്തിന് പൂർണ്ണ ഇൻഷുറൻസ് പരിരക്ഷയും കമ്പനികൾ ഉറപ്പുനൽകുന്നു.
ഗൂഗ്ൾ എക്സ്ചേഞ്ച് നിരക്കിൽ അന്താരാഷ്ട്ര ധനവിനിമയം അവതരിപ്പിച്ച് ശ്രദ്ധേയമായ അസ്പോറയുടെ സ്വർണ്ണ നിക്ഷേപ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ എന്നിവ വഴി ലഭ്യമായ അസ്പോറ ആപ്പിലൂടെ നിലവിൽ നിക്ഷേപം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി പ്രത്യേക ഉത്സവകാല ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ശരീഅ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഓ ഗോൾഡിന്റെ ഉപഭോക്തൃ ശൃംഖല അടുത്തിടെ ഇരുപത് ലക്ഷം പിന്നിട്ടിരുന്നു. ഓ ഗോൾഡ് സ്മാർട്ട് ആപ്പിലൂടെ സ്വർണ്ണ നിക്ഷേപത്തെ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗപ്പെടുത്താനാകും. ഓട്ടോമേറ്റഡ് ഗോൾഡ് ഇൻവെസ്റ്റ്മെന്റ്, സ്വർണ്ണവും വെള്ളിയും തനത് രൂപത്തിൽ നിക്ഷേപിക്കാനുള്ള സൗകര്യം, പ്ലാറ്റിനം മാസ്റ്റർ കാർഡ് എന്നിവയും ഓ ഗോൾഡ് നൽകുന്നുണ്ട്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് സ്വർണ്ണം എന്നും സമ്പാദ്യത്തിന്റെയും സുരക്ഷയുടെയും മാർഗ്ഗമാണെന്നും എന്നാൽ ആധുനികവും ലാഭകരവുമായ നിക്ഷേപ രീതികൾ ഇതുവരെ പരിമിതമായിരുന്നുവെന്നും അസ്പോറ സ്ഥാപകനും സി.ഇ.ഒ.യുമായ പാർഥ് പറഞ്ഞു. ധനവിനിമയ രംഗത്ത് കൊണ്ടുവന്ന സുതാര്യത സ്വർണ്ണ നിക്ഷേപ രംഗത്തേക്കും വ്യാപിപ്പിക്കുകയാണ് ഓ ഗോൾഡുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണ്ണം എളുപ്പത്തിൽ സ്വന്തമാക്കാനും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സൗകര്യമൊരുക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ഓ ഗോൾഡ് സ്ഥാപകൻ ബന്ദർ അൽ ഒത്ത്മാൻ പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിൽ സ്വർണ്ണത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്ന വലിയൊരു പ്രവാസി സമൂഹത്തിലേക്ക് എത്താൻ അസ്പോറയുമായുള്ള സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










