കുട്ടികളിലെ അപകടകരമായ പ്രവണതകൾ തടയാൻ രക്ഷിതാക്കളുടെ നിരീക്ഷണം ശക്തമാക്കണമെന്നും ഗെയിമുകളുടെ പ്രായപരിധി പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അബുദാബി: ജനപ്രിയ വീഡിയോ ഗെയിമായ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ (ജിടിഎ)യിലെ ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന രംഗങ്ങൾ കുട്ടികളിലും യുവാക്കളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഇത്തരം ഉള്ളടക്കങ്ങൾ കുട്ടികളുടെ ചിന്തയെയും പെരുമാറ്റത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അപകടകരമായ പ്രവൃത്തികളെ സ്വാഭാവികമായി കാണുന്ന പ്രവണത വളർത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. കുട്ടികൾ കളിക്കുന്ന ഇലക്ട്രോണിക് ഗെയിമുകളിൽ രക്ഷിതാക്കളുടെ നിരീക്ഷണം കർശനമാക്കേണ്ടത് അത്യാവശ്യമാണ്.
ഗെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ പ്രായപരിധി (ഏജ് ക്ലാസിഫിക്കേഷൻ) കൃത്യമായി പരിശോധിക്കണമെന്നും ഡിജിറ്റൽ ഉള്ളടക്കങ്ങളിലെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ലഹരിയുടെ വിപത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും, കുട്ടികളുമായി കൂടുതൽ അടുത്തിടപഴകാനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.







