ഒക്ടോബർ 22 മുതൽ 25 വരെ അൽജദയിൽ നടക്കുന്ന മേളയിൽ ഇഎ സ്പോർട്സ് എഫ്സി 27, ടെക്കൻ 8, സ്മാഷ് ബ്രോസ് ടൂർണമെന്റുകളും ആർക്കേഡ് മത്സരങ്ങളും അരങ്ങേറും.
ഷാർജ, ഒക്ടോബർ 9, 2026 : ഷാർജ അനിമേഷൻ & കോമിക്സ് കോൺഫറൻസിൽ (SACC 2026) ഗെയ്മിങ് പ്രേമികൾക്കായി നാല് ദിവസത്തെ വിപുലമായ ഇ-സ്പോർട്സ് ടൂർണമെന്റുകൾ ഒരുങ്ങുന്നു. ആകെ 40,500 ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിവിധ മത്സരങ്ങളിലായി വിജയികളെ കാത്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഒക്ടോബർ 22 മുതൽ 25 വരെ ഷാർജയിലെ അൽജദയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന തരത്തിലാണ് ഇത്തവണത്തെ ഗെയ്മിങ് സെഗ്‌മെന്റ് ക്രമീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ ഇ-സ്പോർട്സ് മത്സരങ്ങൾക്ക് പുറമെ കാഷ്വൽ പ്ലെയർമാർക്കായി പ്രതിദിന ചലഞ്ചുകളും ആർക്കേഡ് സോണും വേദിയുടെ ഭാഗമാകും.
മൂന്ന് പ്രധാന ടൂർണമെന്റുകളാണ് മത്സരവേദിയിൽ നടക്കുക: സൂപ്പർ സ്മാഷ് ബ്രോസ് അൾട്ടിമേറ്റ്, ഇഎ സ്പോർട്സ് എഫ്സി 27, ടെക്കൻ 8. ഒക്ടോബർ 23 വെള്ളിയാഴ്ച സൂപ്പർ സ്മാഷ് ബ്രോസ് മത്സരങ്ങളോടെ ടൂർണമെന്റുകൾക്ക് തുടക്കമാകും. ഒക്ടോബർ 24 ശനിയാഴ്ച ഇഎ സ്പോർട്സ് എഫ്സി 27 പോരാട്ടങ്ങളും, ഒക്ടോബർ 25 ഞായറാഴ്ച ടെക്കൻ 8 ഫൈറ്റുകളും നടക്കും.



ഓരോ ടൂർണമെന്റിലും പരമാവധി 64 കളിക്കാർക്ക് മാത്രമാണ് പ്രവേശനം. നിശ്ചിത സീറ്റുകൾ പൂർത്തിയായാൽ ബാക്കി രജിസ്ട്രേഷനുകൾ വെയ്റ്റിങ് ലിസ്റ്റിലേക്ക് മാറ്റും. സൂപ്പർ സ്മാഷ് ബ്രോസ്, ടെക്കൻ 8 എന്നിവ ഡബിൾ എലിമിനേഷൻ ഫോർമാറ്റിലും, ഇഎ സ്പോർട്സ് എഫ്സി 27 സിംഗിൾ എലിമിനേഷൻ നോക്കൗട്ട് രീതിയിലുമാണ് നടക്കുക.
ഈ മൂന്ന് പ്രധാന ടൂർണമെന്റുകൾക്കായി ആകെ 22,500 ദിർഹമാണ് വകയിരുത്തിയിട്ടുള്ളത്. ഓരോ ഗെയിമിനും 7,500 ദിർഹം വീതം ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 3,750 ദിർഹവും, രണ്ടാം സ്ഥാനത്തിന് 2,250 ദിർഹവും, മൂന്നാം സ്ഥാനത്തിന് 1,500 ദിർഹവും സമ്മാനമായി നൽകും. പ്രധാന മത്സരങ്ങളും ഫൈനലുകളും വേദിയിലെ മെയിൻ സ്റ്റേജിലാണ് നടക്കുക.
ദിവസേനയുള്ള ചലഞ്ചുകൾക്കായി 18,000 ദിർഹം സമ്മാനത്തുക വേറെയും മാറ്റിവെച്ചിട്ടുണ്ട്. ‘ജസ്റ്റ് ഡാൻസ്’ മത്സരത്തിൽ പ്രതിദിനം 2,500 ദിർഹം വീതം (ഒന്നാം സമ്മാനം 1,250 ദിർഹം, രണ്ടാം സമ്മാനം 750 ദിർഹം, മൂന്നാം സമ്മാനം 500 ദിർഹം) വിജയികൾക്ക് ലഭിക്കും. എഫ്1 ടൈം ട്രയൽ, ക്ലാസിക് പാക്ക്-മാൻ ചലഞ്ചുകൾക്ക് പ്രതിദിനം 1,000 ദിർഹം വീതമാണ് സമ്മാനം (യഥാക്രമം 500, 300, 200 ദിർഹം വീതം).
ക്ലാസിക് മൾട്ടിപ്ലെയർ ഗെയിമുകൾ അടങ്ങിയ ആർക്കേഡ് സോണും സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് Sharjah Animation Official Portal വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ശേഷിക്കുന്ന സ്ലോട്ടുകളിലേക്ക് അൽജദയിലെ വേദിയിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്.










