ഒമാനിൽ വിസ പുതുക്കി മടങ്ങുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 13 പേർ മരിച്ചു; 26 പേർക്ക് പരിക്ക്.
റാസ് അൽ ഖൈമ: യുഎഇയിലെ റാസ് അൽ ഖൈമയിലുണ്ടായ ബസ്-ട്രക്ക് അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ തലശ്ശേരി സ്വദേശിനിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. അപകടത്തിൽ ആകെ 13 പേർ മരിച്ചു.
തലശ്ശേരി സ്വദേശിനി കീർത്തന സുരേഷ് (26) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലായിരുന്നു അപകടം. സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് 41 പേരുമായി സഞ്ചരിച്ചിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു.
ഒമാനിൽ വിസ പുതുക്കുന്നതിനായി പോയ ശേഷം യുഎഇയിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റാസ് അൽ ഖൈമ പൊലീസിനൊപ്പം നാഷണൽ ആംബുലൻസിന്റെ 16 ആംബുലൻസുകളും അഞ്ച് ഫസ്റ്റ് റെസ്പോണ്ടർ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
മരിച്ചവർ ഏഷ്യൻ പൗരന്മാരാണെന്ന് റാസ് അൽ ഖൈമ പൊലീസ് അറിയിച്ചു. അപകടത്തിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ബന്ധപ്പെട്ട കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു. വിവരങ്ങൾക്ക് 800 46342 എന്ന 24 മണിക്കൂർ ഹെൽപ്പ്ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
ആഘാതത്തിന്റെ തീവ്രത കാരണം മരിച്ചവരെയും പരിക്കേറ്റവരെയും പൂർണ്ണമായി തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതായും തുടർനടപടികൾക്കായി കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.










