അബുദാബി : സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രസവാവധി 98 ദിവസമാക്കി ഉയർത്തണമെന്ന് നാഷനൽ ഫെഡറൽ കൗൺസിൽ ആവശ്യപ്പെട്ടു. സാമൂഹിക, തൊഴിൽ, ജനസംഖ്യ, മാനവ വിഭവശേഷി സമിതി തയാറാക്കിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം. രാജ്യാന്തര നിലവാരത്തിന് അനുസൃതമായി പ്രസവാവധി ഉയർത്തണം. പൂർണ ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നും കൗൺസിൽ നിർദേശിച്ചു. മാസം തികയാതെയുള്ള പ്രസവ കേസുകളിൽ പ്രത്യേക പരിഗണന നൽകണം. കുട്ടികളെ പരിചരിക്കുന്നതിനാവശ്യമായ നഴ്സറികൾ വേണമെന്ന നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകണമെന്നും എഫ്എൻസി ശുപാർശ ചെയ്തു.കുടുംബ സൗഹൃദ നയങ്ങൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്ക് നികുതി ഇളവുകൾ, സർക്കാർ സംരംഭങ്ങളിൽ മുൻഗണന, ഫീസ് ഇളവുകൾ, തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യണമെന്നും കൗൺസിൽ നിർദേശിച്ചു. ഇതൊടൊപ്പം സ്വകാര്യ മേഖലകളിലെ വനിതാ ജീവനക്കാരുടെ അവകാശങ്ങൾ തുല്യമാക്കാനുള്ള നടപടികൾ വേണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.പൊതു, സ്വകാര്യ മേഖലകളിലെ വനിതകളിൽ പ്രത്യേകം പരിചരണം ആവശ്യമുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം. സർക്കാർ, സ്വകാര്യ മേഖലകളിലുള്ള 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാർ, പ്രായമായവരെ പരിചരിക്കുന്നവർ, ഭിന്നശേഷിക്കാർ എന്നിവരെ മുൻഗണനാ വിഭാഗമായി പരിഗണിച്ച് വർക്ക് ഫ്രം ഹോം നൽകണം. ഗാർഹിക പീഡന കേസുകളിൽ ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജന കരാറിലെത്തുന്നതിനു മുൻപ് മാനസികവും പെരുമാറ്റപരവുമായ വിലയിരുത്തൽ നടത്തണം. ആവർത്തിച്ചുള്ള പീഡന കേസുകളിൽ ഇര കുട്ടിയോ, വൈകല്യമുള്ള വ്യക്തിയോ, ഗർഭിണിയോ, പ്രായമായവരോ ആണെങ്കിൽ ഒത്തുതീർപ്പ് പാടില്ല.
ഗാർഹിക പീഡനത്തെയും പ്രതിരോധ സംവിധാനങ്ങളെയും കുറിച്ചുള്ള കുടുംബ അവബോധ പരിപാടികൾ ശക്തിപ്പെടുത്തുക, ഗാർഹിക പീഡനത്തിന് ഇരയായവർക്ക് പരിചരണത്തിനും പുനരധിവാസത്തിനുമുള്ള സമഗ്രമായ സംവിധാനം കൊണ്ടുവരിക, കുടുംബ സംരക്ഷണ ഗൈഡ് പരിഷ്കരിക്കുക തുടങ്ങിയവയും എഫ്എൻസി ആവശ്യപ്പെട്ടു




































