ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ സര്‍ക്കാരിന്റെ പുതിയ ലോഗോ പുറത്തിറക്കി. രാജ്യത്തിന്റെ ദേശീയ പക്ഷി ഫാല്‍ക്കണ്‍, യുഎഇയുടെ പരമ്പരാഗത ബോട്ട് ദൗ, ഈന്തപ്പന, ഗാഫ് ഇലകള്‍ എന്നിവ ദേശീയ പതാകയുടെ നിറത്തില്‍ സമന്വയിപ്പിച്ചാണ് ലോഗോ തയാറാക്കിയത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റണമെന്ന് ഷെയ്ഖ് ഹംദാന്‍ നിര്‍ദേശിച്ചു. ആറുമാസമാണ് ലോഗോമാറ്റത്തിന് സമയം അനുവദിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം.
ദുബൈയില്‍ പൊതു സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാന്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് 4000 കോടി ദിര്‍ഹം കൂടി സര്‍ക്കാര്‍ അനുവദിച്ചു. ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള പാര്‍പ്പിടങ്ങള്‍ ലഭിക്കുന്നതിനു അഫോഡബിള്‍ ഹൗസിങ് നയത്തിനും സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് സാന്‍ഡ്ബോക്സ് പദ്ധതിക്കും ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അനുമതി നല്കി. 2033ല്‍ ദുബൈയുടെ വികസനം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഡി33 സാമ്പത്തിക അജന്‍ഡയ്ക്ക് പിന്തുണ നല്‍കുന്നതിനാണ് 4000 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം സാമ്പത്തിക വകുപ്പിനാണ്.