കാസർകോട്: സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച കാസർകോട് ജില്ലയിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് അറിയിച്ചു. സമ്മേളനത്തിനെത്തുന്ന വലിയ ജനക്കൂട്ടത്തെ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ തളിപ്പറമ്പിൽ നിന്ന് മലയോര ഹൈവേ വഴി തിരിച്ചുവിടും. മംഗലാപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുമ്പള ഭാഗത്ത് നിന്ന് മലയോര ഹൈവേ ഉപയോഗിക്കണം.
പരിപാടിയിലേക്ക് എത്തുന്ന വാഹനങ്ങൾ പെരിയ, പൊയ്നാച്ചി എന്നിവിടങ്ങളിൽ നിന്ന് സർവീസ് റോഡ് വഴി എത്തി യാത്രക്കാരെ ഇറക്കിയ ശേഷം നിശ്ചിത പാർക്കിംഗ് ഏരിയയിലേക്ക് പോകണം.
സമ്മേളനത്തിൽ പങ്കെടുക്കുന്നവർ സർവീസ് റോഡുകളും അണ്ടർപാസേജുകളും മാത്രം കാൽനട യാത്രയ്ക്കായി ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശം നൽകി. യാതൊരു കാരണവശാലും നാഷണൽ ഹൈവേ കാൽനട യാത്രയ്ക്കായി ഉപയോഗിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢി മുന്നറിയിപ്പ് നൽകി.










































