കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി യു.ഡി.എഫിൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ രഹസ്യമായി കണ്ടതായി പാലാ എം.എൽ.എ മാണി സി. കാപ്പൻ ആരോപിച്ചു. താൻ പറഞ്ഞത് നിഷേധിക്കാനാവുമോയെന്ന് ചോദിച്ച് ജോസ് കെ. മാണിയെ കാപ്പൻ തുറന്ന വെല്ലുവിളി ഉയർത്തി.
“കണ്ട നേതാക്കളെ ഇപ്പോൾ പറയുന്നില്ല. കുരിശുപള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുകയാണെങ്കിൽ ജോസ് കെ. മാണി പറയുന്ന പണി ഞാൻ ചെയ്യും,” എന്നായിരുന്നു കാപ്പന്റെ വെല്ലുവിളി.
മുൻപ് മാണി സി. കാപ്പനെതിരെ ജോസ് കെ. മാണി ഉന്നയിച്ച ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പാലായിൽ കെ.എം. മാണി നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും ജില്ലാ വികസന അവലോകന യോഗങ്ങളിൽ കാപ്പൻ പങ്കെടുക്കാറില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.
ഇതിന് മറുപടിയായി, വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് കാപ്പൻ പ്രതികരിച്ചു. പാലായിലെ പദ്ധതികൾ താനാണ് മുടക്കുന്നതെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും വികസന പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നത് ജോസ് കെ. മാണിയാണെന്നും അദ്ദേഹം ആരോപിച്ചു.
“പാലായിലെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധരാണ്. തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. ജയിക്കാമെന്ന് സ്വപ്നം പോലും കാണേണ്ട,” എന്നായിരുന്നു മാണി സി. കാപ്പന്റെ പ്രതികരണം.










