ദുബായ്: ഗ്ലോബൽ വില്ലേജ് റമസാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. നോമ്പ് തുറക്കുന്നവർക്കും വൈകുന്നേരങ്ങളിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും സൗകര്യപ്രദമായ രീതിയിലാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.വൈകിട്ട് 5ന് തുറക്കുന്ന ഗ്ലോബൽ വില്ലേജ് ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ ഒന്നിന് അടയ്ക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ 2നാണ് അടയ്ക്കുക. ചൊവ്വാഴ്ച (പൊതു അവധി ദിവസങ്ങൾ ഒഴികെ) പ്രവേശനം സ്ത്രീകൾക്കും കുടുംബൾക്കുമായി മാത്രം.∙റമസാൻ പീരങ്കി നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിച്ചുകൊണ്ട് സൂര്യാസ്തമയ സമയത്ത് പരമ്പരാഗത പീരങ്കി മുഴങ്ങും. ∙ഇഫ്താറും സുഹൂറും ആഗോള ഗ്രാമത്തിലെ 250ലേറെ ഭക്ഷണശാലകളിൽ നോമ്പുതുറക്കുന്നതിനും അത്താഴത്തിനുമുള്ള വിഭവങ്ങൾ ലഭ്യമാകും.∙ഒത്തുകൂടാം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുകൂടാൻ മുൽതഖ ഗ്ലോബൽ വില്ലേജ് എന്ന പേരിൽ പ്രത്യേക ഓപ്പൺ എയർ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ∙കലാപരിപാടി 30 പേർ അടങ്ങുന്ന ഓർക്കസ്ട്രയുടെ സംഗീത പരിപാടികൾ, തനത് തനൂറ നൃത്തം, ഡ്രോൺ ഷോ എന്നിവ പ്രധാന വേദിയിൽ അരങ്ങേറും










































