ദുബായ്: ഗൾഫ് മേഖലയിലെ തൊഴിലന്വേഷകർക്ക് ആവേശം പകർന്ന് പ്രമുഖ ഹോട്ടൽ ശൃംഖലയായ പ്രീമിയർ ഇൻ മിഡിൽ ഈസ്റ്റിന്റെ പുതിയ വികസന പദ്ധതി. ഇക്വിറ്ററ്റിവ റിയൽ എസ്റ്റേറ്റുമായി ചേർന്ന് നടപ്പിലാക്കുന്ന 200 കോടി ദിർഹത്തിന്റെ വിപുലീകരണത്തിലൂടെ യുഎഇയിലും സൗദി അറേബ്യയിലുമായി 600 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഹോസ്പിറ്റാലിറ്റി, ഓപ്പറേഷൻസ്, മാനേജ്‌മെന്റ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് ഈ നിയമനങ്ങൾ നടക്കുന്നത്.മേഖലയിലെ പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഹോസ്പിറ്റാലിറ്റി രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച വേദി ഒരുക്കുന്നതിനും പദ്ധതി മുൻഗണന നൽകുന്നുണ്ട്.
യുഎഇയിലെയും സൗദിയിലെയും പ്രധാന നഗരങ്ങളിൽ പുതുതായി തുടങ്ങുന്ന എട്ട് ഹോട്ടലുകളിലായിരിക്കും ഈ അവസരങ്ങൾ. ദുബായ്, അബുദാബി, റാസൽഖൈമ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ പ്രീമിയർ ഇന്നിന്റെ സാന്നിധ്യം ശക്തമാകുന്നതോടെ തൊഴിൽ വിപണിയിൽ വലിയൊരു ചലനം തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.നിലവിൽ യുഎഇയിലും ഖത്തറിലുമായി 11 ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്ന പ്രീമിയർ ഇൻ, പുതിയ കരാറിലൂടെ മുറികളുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കുകയാണ്. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെയും വൈറ്റ്‌ബ്രെഡിന്റെയും സംയുക്ത സംരംഭമായ ഈ ഹോട്ടൽ ശൃംഖല, വിനോദസഞ്ചാര മേഖലയിലെ റെക്കോർഡ് വളർച്ചയും വർധിച്ചുവരുന്ന ആവശ്യകതയും മുൻനിർത്തിയാണ് ഇത്രയും വലിയൊരു തൊഴിൽ മുന്നേറ്റത്തിന് തുടക്കമിടുന്നത്. പുതിയ പ്രതിഭകളെ സ്വാഗതം ചെയ്യുന്നതിലൂടെ സേവനനിലവാരം ഉയർത്താനും മിഡ്-മാർക്കറ്റ് താമസസൗകര്യ രംഗത്ത് ഒന്നാമതെത്താനും കമ്പനി ലക്ഷ്യമിടുന്നു










































