ദുബൈ: താമസ മേഖലകളെ കൂടുതൽ മനോഹരവും കുടുംബ സൗഹൃദപരവുമായ ഇടങ്ങളാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി ലഹ്ബാബ് (1), ലഹ്ബാബ് (2), നസ്‍വ മേഖലകളിൽ പുതിയ വിനോദ കേന്ദ്രങ്ങൾ തുറന്നു.
3,30,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ വികസിപ്പിച്ച പദ്ധതിയിൽ എല്ലാ പ്രായക്കാരും ഉപയോഗിക്കാവുന്ന ആധുനിക കായിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഹ്ബാബ് (1) പ്ലാസയിൽ രണ്ട് ഫുട്ബോൾ മൈതാനങ്ങൾ, വോളിബോൾ കോർട്ട്, ബാസ്‌കറ്റ്‌ബോൾ കോർട്ട്, റണ്ണിംഗ് ട്രാക്ക്, പ്രത്യേക വാംഅപ് ഏരിയ, ഔട്ട്‌ഡോർ ഫിറ്റ്‌നസ് ഉപകരണങ്ങൾ, രണ്ട് കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ലഹ്ബാബ് (2) പ്ലാസയിൽ ഫുട്ബോൾ മൈതാനം, വോളിബോൾ–ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ഫിറ്റ്‌നസ് ഉപകരണങ്ങളോടുകൂടിയ റണ്ണിംഗ് ട്രാക്ക്, സുരക്ഷിത റബർ ഫ്ലോറിംഗ് ഉപയോഗിച്ച കുട്ടികളുടെ കളിസ്ഥലം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
നസ്‍വയിൽ നിലം നിരപ്പാക്കൽ, പുതിയ സർഫേസ് സംവിധാനങ്ങൾ, സ്പോർട്സ് കോർട്ടുകൾ, റണ്ണിംഗ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം എന്നിവയടങ്ങിയ സമഗ്ര വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കൂടാതെ, വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ, ഉപരിതല സൗന്ദര്യവൽക്കരണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ദുബൈ കൗൺട്രിസൈഡ് ആൻഡ് റൂറൽ ഏരിയാസ് ഡെവലപ്‌മെന്റ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ‘കുടുംബ വർഷാചരണം’ ലക്ഷ്യങ്ങളോടും Dubai 2040 Urban Master Plan ഭാഗമായ പാർക്ക്സ് ആൻഡ് അഫോറസ്റ്റേഷൻ സ്ട്രാറ്റജിയോടും അനുബന്ധിച്ചാണ് വികസനം.
630ലധികം പാർക്കുകൾ വികസിപ്പിച്ച് നഗര പരിസ്ഥിതി മെച്ചപ്പെടുത്തുക, ചൂട് കുറയ്ക്കുക, സുസ്ഥിരത ശക്തിപ്പെടുത്തുക എന്നിവയാണ് തന്ത്രത്തിന്റെ ലക്ഷ്യം. ഓരോ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് പ്ലാസകൾ രൂപകൽപ്പന ചെയ്തതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഇതിനൊപ്പം മർഗാം, അൽ ലിസൈലി മേഖലകളിലും പുതിയ പാർക്കുകൾ വികസിപ്പിച്ചു വരികയാണ്. ഫുട്ബോൾ മൈതാനങ്ങൾ, മണൽ റണ്ണിംഗ് ട്രാക്കുകൾ, അലങ്കാര സസ്യങ്ങൾ, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ, സ്മാർട്ട് നിരീക്ഷണ ക്യാമറകൾ എന്നിവ ഉൾപ്പെടുത്തി സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.










































