തെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ലാരിജാനി “രക്തസാക്ഷിത്വം കൈവരിച്ചു” എന്ന് അറിയിച്ചത്.
ഇസ്ലാമിക വിപ്ലവത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ജീവിതം സമർപ്പിച്ച ലാരിജാനി തന്റെ ദീർഘകാല ആഗ്രഹമായ രക്തസാക്ഷിത്വം നേടിയെടുത്തുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ആക്രമണത്തിൽ ലാരിജാനിയുടെ മകൻ മുർതസ ലാരിജാനി, ഓഫിസ് മേധാവി അലിരേസ ബയാത്ത്, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബസിജ് ഡെപ്യൂട്ടി മേധാവി ഖാസിം ഖുറൈഷിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
ലാരിജാനിയുടെ നിര്യാണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ദുഃഖം രേഖപ്പെടുത്തി. “ദൂരദർശനവും ഉൾക്കാഴ്ചയും ഉള്ള ഒരു നേതാവിനെയാണ് രാജ്യം നഷ്ടപ്പെട്ടത്,” അദ്ദേഹം പറഞ്ഞു.
ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായിരുന്ന ലാരിജാനി, രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ പ്രധാന തന്ത്രജ്ഞനായി കണക്കാക്കപ്പെട്ടിരുന്നു. പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്കിടെ ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നതിൽ ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു.
ലാരിജാനിക്കെതിരെ നേരത്തെ യു.എസ് ഇനാം പ്രഖ്യാപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഖുദ്സ് ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തതും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. ഇറാനിൽ ഇതിനകം 1500ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ദിവസത്തിനിടെ 850 പേർ കൊല്ലപ്പെടുകയും എട്ടുലക്ഷത്തിലധികം പേർ കുടിയൊഴിയേണ്ട സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരെ ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്.















































