ഡിജിറ്റൽ നിരീക്ഷണവും തർക്കപരിഹാര സംവിധാനങ്ങളുടെ കാര്യക്ഷമതയും വഴിയാണ് 1.85 ലക്ഷത്തിലധികം പരാതികൾ തൊഴിൽ മന്ത്രാലയം തീർപ്പാക്കിയത്.
അബുദാബി : 2026-ന്റെ ആദ്യ ആറു മാസങ്ങളിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത തൊഴിൽ പരാതികളിൽ 98.6 ശതമാനവും സൗഹൃദപരമായി പരിഹരിച്ചതായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ലഭിച്ച പരാതികളിൽ 1,85,793 എണ്ണവും കോടതി നടപടികളിലേക്ക് കടക്കാതെ തന്നെ തീർപ്പാക്കാനായി.
ആകെ ലഭിച്ച കേസിൽ 1.4 ശതമാനം മാത്രമാണ് (2,481 പരാതികൾ) നീതിന്യായ കോടതികളുടെ പരിഗണനയ്ക്ക് അയക്കേണ്ടി വന്നത്. 50,000 ദിർഹം വരെയുള്ള സാമ്പത്തിക തർക്കങ്ങളിൽ നേരിട്ട് വിധി പ്രസ്താവിക്കാൻ തൊഴിൽ മന്ത്രാലയത്തിന് നിയമപരമായ അധികാരം നൽകിയതാണ് കേസ് തീർപ്പാക്കൽ വേഗത്തിലാക്കിയത്.
തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാനും സാധിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അഹമ്മദ് അൽ ഖാറ വ്യക്തമാക്കി.
വേതന സംരക്ഷണ സംവിധാനം (WPS) കൂടുതൽ ശക്തമാക്കിയതും ഡിജിറ്റൽ സംവിധാനങ്ങൾ വിപുലീകരിച്ചതും ശമ്പള കുടിശ്ശിക, സർവീസ് ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. 50,000 ദിർഹത്തിന് മുകളിലുള്ള ക്ലെയിമുകളിൽ മന്ത്രാലയം വഴി അനുരഞ്ജനത്തിന് സാധിച്ചില്ലെങ്കിൽ മാത്രമാണ് വിചാരണയ്ക്കായി കോടതിയിലേക്ക് ശുപാർശ ചെയ്യുന്നത്.










