ദുബൈ: മാധ്യമപ്രവർത്തന രംഗത്ത് കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കാൻ ദുബൈയിൽ പുതിയ നിയമ സംവിധാനങ്ങൾ കൊണ്ടുവരുന്നു. ദുബൈ മീഡിയ റെഗലുലേറ്ററി ഓഫീസ് എന്ന പുതിയ സംവിധാനത്തിന്റെ കീഴിൽ മാധ്യമസ്ഥാപനങ്ങളെ പൂർണമായും നിയമവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സി.ഇ.ഒ റാശിദ് അൽ മരി അറിയിച്ചു.
ദുബൈ മീഡിയ ഓഫീസിന്റെയും, ദുബൈ പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ പ്രതിസന്ധികാലത്തെ മാധ്യമ മാനേജ്മെന്റ് എന്ന പേരിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവേയാണ് മാധ്യമ സ്ഥാപനങ്ങൾക്കും, മാധ്യമപ്രവർത്തകർക്കും പുതിയ നിയമ, നിയന്ത്രണ സംവിധാനങ്ങൾ വരുമെന്ന് അധികൃതർ അറിയിച്ചത്. ദുബൈയിലെ മാധ്യമരംഗം കൂടുതൽ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുകയും പുതിയ മീഡിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് ലളിതമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ മീഡിയ റെഗുലേറ്ററി ഓഫീസ് നിലവിൽ ആദ്യഘട്ട പ്രവർത്തനങ്ങളിലാണ്. മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും പുതിയ മാർഗ്ഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഉടൻ കൂടുതൽ വിശദമായ ചട്ടങ്ങൾ പുറത്തിറങ്ങുമെന്നും സൂചന നൽകി.
സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പൊതുജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് ചില സാഹചര്യങ്ങളിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ശിൽപശാലയിൽ സംഘർഷകാലത്ത് മാധ്യമങ്ങളുടെ പങ്ക്, വ്യാജവാർത്തകളെ പ്രതിരോധിക്കുന്ന നടപടികൾ, ഔദ്യോഗിക വിവരങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ദുബൈ ഗവർൺമെന്റ് മീഡിയ ഓഫീസ് സ്ട്രാറ്റജിക് മീഡിയ റിലേഷൻസ് ഡയറക്ടർ ഹിന്ദ് ഫെക്രി ഇതുസംബന്ധിച്ച അവതരണം നടത്തി.
ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാധ്യമപ്രവർത്തകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി കൂടുതൽ ശിൽപശാലകൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.








































