ദുബൈ: പൊതുഗതാഗത സംവിധാനത്തെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ദുബൈയിൽ വൻതോതിൽ ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കുന്നു. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഈ വർഷം 735 ഇലക്ട്രിക് ബസുകൾ കൂടി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. 2026 അവസാനത്തോടെ ഘട്ടം ഘട്ടമായി ഈ ബസുകൾ സർവിസിലേക്കെത്തും.
പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസുകളുടെ ശേഷി വർധിപ്പിക്കുന്നതിനായുള്ള ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണിത് എന്ന് ആർ.ടി.എ അറിയിച്ചു. പുതിയ ബസുകൾക്കായി അൽ ഖൂസ്, അൽ റുവയ്യ, ലബാബ്, ബിസിനസ് ബേ, ജബൽ അലി എന്നീ പ്രധാന ഡിപ്പോകളിൽ ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 360 കിലോവാട്ട് ശേഷിയുള്ള 32 ചാർജിംഗ് യൂണിറ്റുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
നിലവിൽ ദുബൈയിലെ വിവിധ റൂട്ടുകളിൽ 40 ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഇതോടൊപ്പം ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും നഗരത്തിൽ പ്രവർത്തിക്കുന്നു. പുതിയ ഇലക്ട്രിക് ബസുകളിൽ ഒന്ന് എഫ്13 റൂട്ടിൽ ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒറ്റ ചാർജിൽ ഏകദേശം 370 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന 470 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററിയാണ് ഈ ബസുകളിൽ ഉപയോഗിക്കുന്നത്. കൂടാതെ, ബസിനകത്തെ ശീതീകരണ സംവിധാനം യാത്രക്കാരുടെ സൗകര്യത്തിന് അനുയോജ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ബാറ്ററി ശേഷി, ചാർജിങ് സമയം, ഊർജ ഉപഭോഗം, ശബ്‌ദനില, കാർബൺ പുറന്തള്ളൽ തുടങ്ങിയവ വിലയിരുത്തിയപ്പോൾ മികച്ച പ്രകടനമാണ് ഇലക്ട്രിക് ബസുകൾ കാഴ്ചവച്ചത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സംതൃപ്തി നിരക്ക് 95 ശതമാനത്തിന് മുകളിലാണെന്നും കണ്ടെത്തി.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ വ്യാപകമായി ഉൾപ്പെടുത്തുന്നതെന്ന് ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി ഡയറക്ടർ മർവാൻ അൽ സറൂണി വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാത്രം 59,000 ടണ്ണിലധികം കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ ഇലക്ട്രിക് ബസുകൾ സഹായിച്ചതായും, ഹരിതഗൃഹ വാതകങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.









































