അബുദാബി സ്പോർട്സ് കൗൺസിലും അന്താരാഷ്ട്ര സൈക്ലിങ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന വേൾഡ് ടൂർ മത്സരങ്ങളിൽ ലോകോത്തര താരങ്ങൾ മാറ്റുരയ്ക്കും
അബുദാബി — യുഎഇ ടൂർ വനിതാ-പുരുഷ സൈക്ലിങ് മത്സരങ്ങളുടെ 2027-ലെ തീയതികൾ അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ചു. വനിതാ വിഭാഗം അഞ്ചാം പതിപ്പ് 2027 ഫെബ്രുവരി 3 മുതൽ 6 വരെയും പുരുഷ വിഭാഗം ഒമ്പതാം പതിപ്പ് ഫെബ്രുവരി 15 മുതൽ 21 വരെയും നടക്കും.
യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലുമായി (യുസിഐ) ചേർന്നാണ് യുഎഇ ടൂറിന്റെ പുതിയ എഡിഷനുകൾ ഒരുക്കുന്നത്. ആഗോളതലത്തിലെ മുൻനിര പ്രൊഫഷണൽ സൈക്ലിസ്റ്റുകളും ടീമുകളും മാറ്റുരയ്ക്കുന്ന മിഡിൽ ഈസ്റ്റിലെ ഏക വേൾഡ് ടൂർ മത്സരങ്ങളാണിവ.
എഡി പോർട്സ് ഗ്രൂപ്പാണ് (AD Ports Group) ഇരു ചാമ്പ്യൻഷിപ്പുകളുടെയും പ്രധാന പ്രായോജകർ. രാജ്യത്തിന്റെ ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങളും പർവത-മരുഭൂമി മേഖലകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതാണ് യുഎഇ ടൂറിന്റെ മത്സര പാതകൾ.
2028-ൽ അബുദാബി ആതിഥേയത്വം വഹിക്കുന്ന യുസിഐ റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിനായുള്ള (UCI Road World Championships Abu Dhabi 2028) രാജ്യത്തിന്റെ ഒരുക്കങ്ങളിലെ പ്രധാന നാഴികക്കല്ലാണ് 2027-ലെ ഈ മത്സരങ്ങളെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് ഹമദ് അൽ അവാണി പറഞ്ഞു. ആഗോള കായിക ഭൂപടത്തിൽ യുഎഇയുടെ വർധിച്ചുവരുന്ന പ്രധാന്യവും വിശ്വാസ്യതയുമാണ് അന്താരാഷ്ട്ര സംഘടനകളുമായുള്ള ഇത്തരം പങ്കാളിത്തങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരങ്ങളുടെ കൃത്യമായ റൂട്ടുകൾ, ഘട്ടങ്ങൾ, പങ്കെടുക്കുന്ന അന്താരാഷ്ട്ര ടീമുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ സംഘാടകർ പുറത്തുവിടും.










