അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റ് 2026 ഒക്ടോബർ 20 മുതൽ 22 വരെ നടക്കും; അന്താരാഷ്ട്ര ആരോഗ്യവിദഗ്ധരും പ്രമുഖ കമ്പനി മേധാവികളും പങ്കെടുക്കും.
അബുദാബി, ഒക്ടോബർ 3, 2026 : ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജീനോമിക്സ്, മുൻകൂട്ടിയുള്ള രോഗനിർണയ സാങ്കേതികവിദ്യകൾ എന്നിവ മുൻനിർത്തി ആഗോള ആരോഗ്യ മേഖലയിലെ ഭാവി മാറ്റങ്ങൾ ചർച്ച ചെയ്യുന്ന അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റ് 2026 ഒക്ടോബർ 20 മുതൽ 22 വരെ നടക്കും.
അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് (DoH) സംഘടിപ്പിക്കുന്ന ഉച്ചകോടി ‘മുൻകൂട്ടി അറിയുക, പ്രവചിക്കുക’ (To Sense is to Predict) എന്ന പ്രമേയത്തിലാണ് അരങ്ങേറുന്നത്. രോഗം വന്നതിനുശേഷമുള്ള ചികിത്സ എന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, രോഗസാധ്യതകൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്ന ആധുനിക ആരോഗ്യ നയങ്ങളിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
ഡാറ്റാ വിശകലനം, ക്ലിനിക്കൽ ഇന്നൊവേഷൻ, ജീനോമിക്സ്, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യമേഖലയിൽ വലിയൊരു മാറ്റത്തിനാണ് അബുദാബി വേദിയൊരുക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നായി 130 പ്രഭാഷകരും 175-ലധികം പ്രദർശകരും മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പങ്കാളികളാകും.
അസ്ട്രാസെനക സി.ഇ.ഒ പാസ്കൽ സോറിയോട്ട്, ജോൺസൺ ആൻഡ് ജോൺസൺ മെഡ്‌ടെക് വേൾഡ്‌വൈഡ് ചെയർമാൻ ടിം ഷ്മിഡ്, യൂനിസെഫ് ഹെൽത്ത് ഡയറക്ടർ ഹെൽഗ ഫോഗ്സ്റ്റാഡ്, ഐസോമോർഫിക് ലാബ്‌സ് പ്രസിഡന്റ് മാക്സ് ജാഡർബർഗ്, വൂപ് സി.ഇ.ഒ വിൽ അഹമ്മദ്, ഔറ സി.ഇ.ഒ ടോം ഹെയ്ൽ എന്നിവരടക്കമുള്ള ആഗോള പ്രമുഖർ സമ്മേളനത്തിൽ സംസാരിക്കും. വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരും ഭരണാധികാരികളും പ്രതിനിധി സംഘങ്ങളും ചർച്ചകളിൽ ഭാഗമാകും. അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ചെയർമാൻ മൻസൂർ അൽ മൻസൂരി നേതൃത്വം നൽകും.
ശാസ്ത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ രോഗസാധ്യതകൾ നേരത്തെ തിരിച്ചറിയാൻ ആരോഗ്യസംവിധാനങ്ങളെ പ്രാപ്തമാക്കുന്നുണ്ടെന്ന് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് അണ്ടർസെക്രട്ടറി ഡോ. നൂറ ഖമീസ് അൽ ഗൈത്തി വ്യക്തമാക്കി. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ മുൻകൂട്ടിയുള്ള പരിചരണം ഉറപ്പാക്കുന്ന മാതൃകയാണ് അബുദാബി മുന്നോട്ടുവെക്കുന്നതെന്നും ആഗോളതലത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രായോഗിക പരിഹാരങ്ങൾ ഉച്ചകോടിയിലൂടെ ഉയർന്നുവരുമെന്നും അവർ പറഞ്ഞു.
നാല് പ്രധാന വിഷയങ്ങളിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
- ദീർഘായുസ്സും പ്രിസിഷൻ ഹെൽത്തും (Longevity and Precision Health)
- ഡിജിറ്റൽ ഹെൽത്തും നിർമിത ബുദ്ധിയും (Digital Health & AI)
- ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരത (Health System Resilience & Sustainability)
- ലൈഫ് സയൻസസ് മേഖലയിലെ നിക്ഷേപങ്ങൾ (Investment in Life Sciences)
2025-ൽ തുടക്കം കുറിച്ച ‘ഫ്യൂച്ചർ ഹെൽത്ത്’ ആഗോള പദ്ധതിയുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. എം.ഐ.ടിയുടെ കൊച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാൻസർ അലയൻസിൽ ഫൗണ്ടിങ് അംഗമായ ഈ കൂട്ടായ്മ, ഹെൽത്ത് ചലഞ്ചിലൂടെ 68 രാജ്യങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ഇതിനകം സമാഹരിച്ചിട്ടുണ്ട്. പ്യുവർ ഹെൽത്ത്, എം42, മുബാദല ബയോ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്തി ലൈഫ് അബുദാബി എന്നിവരാണ് സ്ഥാപക പങ്കാളികൾ. മെഡിക്ലിനിക് മിഡിൽ ഈസ്റ്റ്, ബുർജീൽ ഹോൾഡിങ്സ് എന്നിവരും ഉച്ചകോടിയുമായി സഹകരിക്കുന്നു.










