അജ്മാൻ: ബലി പെരുന്നാൾ അവധി പ്രമാണിച്ച് അജ്‌മാനിൽ നാല് ദിവസത്തേക്ക് സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. അജ്‌മാൻ നഗരസഭയും ആസൂത്രണ വകുപ്പും ചേർന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ നഗരത്തിലെ പണമടച്ച് ഉപയോഗിക്കുന്ന പാർക്കിങ് സേവനങ്ങളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബക്രീദ് അവധി ദിനങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായാണ് തീരുമാനം.
അതേസമയം, സാധാരണ പാർക്കിങ് ഫീസ് സംവിധാനം മേയ് 30 ശനിയാഴ്ച മുതൽ വീണ്ടും പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി. അവധി ദിവസങ്ങളിൽ നഗരത്തിലെ വിവിധ വ്യാപാര-വിനോദ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.













