അങ്കമാലി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനിയായ ജസ്ലിയ ജോൺസൺ മരണപ്പെട്ട വാഹനാപകട കേസിൽ പ്രതിയായ ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസ് അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിരമ്പുഴ സ്വദേശിയായ ജോർജ് തോമസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം അപകടക്കേസിലെ മുഖ്യപ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടി കോട്ടയം സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. അപകടം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തതിനെതിരെ പൊലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്.
ഫെബ്രുവരി 28-നായിരുന്നു അപകടം
ഫെബ്രുവരി 28-ന് അങ്കമാലിയിലെ മോർണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജസ്ലിയ ജോൺസനെ പ്രതി ഓടിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ലിയ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടർന്ന് ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതും സമൂഹത്തിൽ വ്യാപകമായി പ്രശംസിക്കപ്പെട്ടു.
എടവനക്കാട് സ്വദേശിയായ ജസ്ലിയ പഠനത്തോടൊപ്പം കായികരംഗത്തും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു. പഠനച്ചെലവിനായി അങ്കമാലിയിലെ ഒരു പിസ വിൽപ്പനശാലയിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. ജോലി കാരണം കോളേജ് ഹോസ്റ്റലിലായിരുന്നു താമസം.
English Summary
Police have arrested George Thomas, the father of Dr. Syriac George, the main accused in the Angamaly road accident that led to the death of Morning Star College student Jasliya Johnson. He was arrested for allegedly helping the accused go into hiding. Meanwhile, the accused has approached the Kottayam Sessions Court seeking anticipatory bail, while police continue their search and have issued a lookout notice to prevent him from leaving the country.











































