അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന സംഭരണ ടാങ്കിന് ആക്രമണത്തിൽ തീപിടിച്ചു. തുടർന്ന് സുരക്ഷാ മുൻകരുതലായി ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ദുബായ് സിവിൽ ഡിഫൻസ് സംഘങ്ങൾ ഊർജിതമായി പ്രവർത്തിക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഏകദേശം 80,800 ടൺ മർബൻ ക്രൂഡ് ഓയിൽ കപ്പലിൽ നിറച്ച ശേഷമാണ് കപ്പൽ യാത്രതിരിച്ചത്. ഫുജൈറയിൽ ഡ്രോൺ ആക്രമണം നടന്ന സമയത്താണ് എണ്ണ നിറയ്ക്കൽ നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ മേഖലയിൽ സുരക്ഷാ മുൻകരുതലുകൾ വർധിപ്പിച്ചിരിക്കുകയാണ്.
English Summary: A drone attack was reported near Dubai International Airport, causing a fire in a fuel storage tank and forcing authorities to temporarily suspend airport operations. No casualties have been reported. The incident comes amid escalating tensions in West Asia.













































