ദുബായ്: റമസാന്റെ ആദ്യ പകുതിയിൽ ദുബായ് പൊലീസ് സംഘടിപ്പിച്ച വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 1,170 സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘമാണ് സേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്.
ദുബായിലെ വിവിധ പള്ളികളിലും മഗ്രിബ് നമസ്കാരത്തിന് തൊട്ടുമുമ്പ് ട്രാഫിക് സിഗ്നലുകളിൽ വാഹനമോടിക്കുന്നവർക്കും ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിലാണ് സന്നദ്ധ പ്രവർത്തകർ സജീവമായി പങ്കെടുത്തത്.
എമിറാത്തി സമൂഹത്തിന്റെ ദാനശീലത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഈ പ്രവർത്തനങ്ങൾ എന്ന് ദുബായ് പൊലീസ് കമ്മ്യൂണിറ്റി ഹാപ്പിനസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.
പൊലീസിന്റെ പ്രത്യേക വോളണ്ടിയർ പ്ലാറ്റ്‌ഫോം വഴി 11 വ്യത്യസ്ത മേഖലകളിലാണ് സേവന അവസരങ്ങൾ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിൽ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള സർക്കാർ നയങ്ങളുടെ ഭാഗമായാണ് ഇത്തരം സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്നദ്ധ പ്രവർത്തനം ഒരു സ്ഥാപനപരമായ മൂല്യമായി വളർത്താനും പൊലീസിന്റെ ജീവനക്കാരെയും പൊതുജനങ്ങളെയും സാമൂഹിക സേവനത്തിലേക്ക് കൂടുതൽ അടുപ്പിക്കാനും ഇത്തരം പരിപാടികൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സന്നദ്ധ പ്രവർത്തനങ്ങളുടെ പങ്ക് വളരെ പ്രധാനമാണെന്നും, ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിൽ വർധിക്കുന്നത് സന്തോഷകരമാണെന്നും അൽ മൻസൂരി പറഞ്ഞു.
English Summary: Dubai Police said 1,170 volunteers participated in various charity activities during the first half of Ramadan, including distributing Iftar meal packets to motorists near mosques and traffic signals before Maghrib prayer. The initiative aims to strengthen community participation and promote the values of generosity and compassion in society.











































