അഗ്നിശമന സേനയെത്തി തീയണച്ചു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ദുബായ് : ദുബായ് ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം.
വിവരമറിഞ്ഞയുടൻ ദുബായ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാൻ രക്ഷാപ്രവർത്തകർക്കായി.
പരിക്കേറ്റവർക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തുടർചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായാണ് ലഭ്യമാകുന്ന വിവരം.
രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസെത്തി പ്രദേശം താൽക്കാലികമായി വളയുകയും ഗതാഗതം തിരിച്ചുവിടുകയും ചെയ്തിരുന്നു. തണുപ്പിക്കൽ നടപടികൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കിയതോടെ ശൈഖ് സായിദ് റോഡിലെ ഗതാഗതം പൂർവസ്ഥിതിയിലായി.
ഗ്യാസ് ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഫോറൻസിക്, സിവില്‍ ഡിഫന്‍സ് വിദഗ്ധരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. സ്ഥാപനങ്ങളിലും വീടുകളിലും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് അധികൃതർ ഓർമ്മിപ്പിച്ചു.










