ന്യൂഡൽഹി: സുസ്ഥിര നഗര ഗതാഗതത്തിന്റെ രാജ്യത്തെ മുൻനിര മാതൃകയായി Kochi Water Metro യെ വിശേഷിപ്പിച്ച് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ഹരിത സാങ്കേതികവിദ്യയും മൾട്ടിമോഡൽ ഗതാഗത സംയോജനവും ഫലപ്രദമായി നടപ്പാക്കിയതിലൂടെ, നദീതീര–തീരദേശ നഗരങ്ങളിൽ ജലമാർഗങ്ങളെ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ഇടനാഴികളാക്കി മാറ്റാൻ കഴിയുമെന്ന് കൊച്ചി വാട്ടർ മെട്രോ തെളിയിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിലെ വിജയ മാതൃക രാജ്യത്തെ മറ്റ് നഗരങ്ങൾക്കും മാതൃകയാണെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ 21 നഗരങ്ങളിൽ സമാന പദ്ധതികളെക്കുറിച്ച് ആലോചനകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. റെയിൽ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വാട്ടർ മെട്രോ ചെലവ് കുറഞ്ഞതും വേഗത്തിൽ നടപ്പാക്കാനാകുന്നതുമായ പദ്ധതിയാണെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
അയോധ്യ, ഗോവ, ഗുവാഹത്തി, കൊൽക്കത്ത, പ്രയാഗ്‌രാജ്, പാറ്റ്ന, ശ്രീനഗർ, വാരണാസി, മുംബൈ, മംഗളൂരു, ഗാന്ധിനഗർ, അഹമ്മദാബാദ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് നിലവിൽ വാട്ടർ മെട്രോ സാധ്യതാ പഠനങ്ങൾ നടക്കുന്നത്. നിലവിലുള്ള ജലമാർഗങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ ചെലവും ഉയർന്ന അടിസ്ഥാന സൗകര്യ നിർമാണ ചെലവും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
75 കിലോമീറ്റർ നീളമുള്ള വാട്ടർ നെറ്റ്‌വർക്ക്, സമാന ദൈർഘ്യമുള്ള ഉയർത്തിയ മെട്രോ ഇടനാഴിയുടെ ഏകദേശം പത്തിലൊന്ന് ചെലവിൽ നിർമിക്കാനാകുമെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. പരിസ്ഥിതി സുസ്ഥിരതയും വാട്ടർ മെട്രോയുടെ പ്രധാന പ്രത്യേകതയാണ്. പുക പുറന്തള്ളൽ കുറയ്ക്കാനും ശബ്ദ മലിനീകരണം നിയന്ത്രിക്കാനും ഈ സംവിധാനത്തിന് കഴിയുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതോടൊപ്പം, ദാരിദ്ര്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെയും സാമ്പത്തിക സർവേ റിപ്പോർട്ട് പ്രത്യേകം പ്രശംസിക്കുന്നു. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്നുള്ള സമഗ്ര ഇടപെടലുകളാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.










































