നൈജീരിയ ഉൾപ്പെടെ പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ 20 കേന്ദ്രങ്ങളിലേക്ക് ഇനി ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാം.
അബുദാബി, ജൂലൈ 24, 2026:ആഫ്രിക്കൻ വൻകരയിലെ സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നൈജീരിയയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ പീസുമായി (Air Peace) ഇന്റർലൈൻ കരാറിൽ ഒപ്പുവെച്ച് ഇത്തിഹാദ് എയർവേസ്.
പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ നൈജീരിയ, പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ മേഖലകളിലെ 20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാൻ ഇത്തിഹാദ് യാത്രക്കാർക്ക് സാധിക്കും. ലാഗോസ്, അക്ര എന്നീ വിമാനത്താവളങ്ങൾ വഴിയായിരിക്കും കണക്റ്റിംഗ് സർവീസുകൾ ലഭ്യമാകുക. അബുദാബിയിൽ നിന്ന് ലാഗോസിലേക്ക് പ്രതിദിന നേരിട്ടുള്ള സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അബുജ, പോർട്ട് ഹാർകോർട്ട്, കാനോ, എനുഗു, ബെനിൻ സിറ്റി, ഒവേറി, വാരീ, അസബ തുടങ്ങിയ പ്രധാന നൈജീരിയൻ നഗരങ്ങളിലേക്കും അബിദ്ജാൻ, ഡാകർ, ബഞ്ചുൾ, ഫ്രീടൗൺ, മൺറോവിയ, കൊനാക്രി, ബമാകോ, ദുവാല, ലിബ്രെവിൽ എന്നീ മറ്റ് ആഫ്രിക്കൻ നഗരങ്ങളിലേക്കും ഈ പങ്കാളിത്തം വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.
ആഫ്രിക്കയിലെ സർവീസ് വിപുലീകരണം കമ്പനിയുടെ ദീർഘകാല ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് ഇത്തിഹാദ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ആരിക് ഡി പറഞ്ഞു. പ്രാദേശിക വിപണിയെ അടുത്തറിയാവുന്ന പ്രമുഖ വിമാനക്കമ്പനികളുമായി കൈകോർക്കുന്നത് ശൃംഖല ശക്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ജനുവരിയിൽ യുഎഇയും നൈജീരിയയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ-വ്യാപാര ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്. യുഎഇയിൽ വലിയൊരു വിഭാഗം നൈജീരിയൻ പ്രവാസികൾ വസിക്കുന്നതും വ്യോമയാന മേഖലയിലെ ഈ പുതിയ തീരുമാനത്തിന് ആക്കം കൂട്ടി.
ഇത്തിഹാദുമായുള്ള സഹകരണം ആഫ്രിക്കൻ മേഖലയിലെ യാത്രക്കാർക്ക് അബുദാബിയിലേക്കും തുടർന്നുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സുഗമമായ യാത്രയൊരുക്കുമെന്ന് എയർ പീസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നോവൽ എൻഗാല വ്യക്തമാക്കി. കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് ബുക്കിംഗ് നടത്താം.
ഇതിനുപുറമെ, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ സൗകര്യങ്ങളും ഇത്തിഹാദ് കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. ‘മൊറാഫിഖ്’ സർവീസുമായി സഹകരിച്ചാണ് യാത്രക്കാരുടെ താമസസ്ഥലത്തുനിന്നുതന്നെ ലഗേജുകൾ സ്വീകരിക്കുന്ന രീതി സജ്ജമാക്കിയിരിക്കുന്നത്.
















