ഗസ്സ സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷത്തിലേക്ക് ലോകശ്രദ്ധ മാറിയിരിക്കെ ഗസ്സയിലെ മനുഷ്യാവസ്ഥ ഗുരുതരമാകുന്നു. തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷ്യക്ഷാമവും കാരണം ഗസ്സയിലെ ജനങ്ങൾ വീണ്ടും കടുത്ത ദുരിതത്തിലേക്ക് തള്ളപ്പെടുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആറ് മാസം മുൻപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി വർധിച്ചു. ഇസ്രായേൽ ഭാഗത്തുനിന്നുള്ള ചരക്ക് ഗതാഗതം തടസ്സപ്പെട്ടതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ലോകം ഇറാൻ-അമേരിക്ക സംഘർഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന ആശങ്ക ഗസ്സയിലെ സാധാരണക്കാർ പങ്കുവെക്കുന്നു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച വെടിനിർത്തലിന്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഹമാസ് ആയുധം ഉപേക്ഷിക്കണമെന്ന അന്താരാഷ്ട്ര നിർദേശം അംഗീകരിക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി സൈനിക നടപടി ശക്തമാക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് മേഖലയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിയേക്കാമെന്ന ആശങ്ക ഉയരുന്നു.
വെടിനിർത്തൽ നിലനിൽക്കുന്നതിനിടയിലും ഗസ്സയിൽ വ്യോമാക്രമണങ്ങൾ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസങ്ങളിൽ കുട്ടികളടക്കം നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ഹമാസ് കമാൻഡർമാരെയാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
ഇതിനിടെ, കനത്ത മഴ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളുടെ അവസ്ഥയെ കൂടുതൽ ദുരിതകരമാക്കി. അഴുക്കുചാലുകൾ നിറഞ്ഞുകവിഞ്ഞതോടെ ടെന്റുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ പകർച്ചവ്യാധി ഭീഷണിയിലായി.
ഗസ്സയുടെ പുനർനിർമാണത്തിനായി പ്രഖ്യാപിച്ച സഹായങ്ങൾ ഇതുവരെ പ്രായോഗികമാകാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. ഓക്സ്ഫാം അടക്കമുള്ള സംഘടനകൾ അതിർത്തി നിയന്ത്രണങ്ങളും സാധനങ്ങളുടെ പ്രവേശന നിയന്ത്രണവും മാനുഷിക സഹായം വൈകിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.









































