ദുബൈ: സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ–ദുബൈ). ജിഡിആർഎഫ്എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വിസ, റെസിഡൻസി, യാത്രാ രേഖകൾ, വിവിധ സർക്കാർ സേവന അപേക്ഷകൾ എന്നിവയ്ക്ക് സർക്കാർ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സേവന കേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതർ വ്യക്തമാക്കി. അനൗദ്യോഗിക ഇടനിലക്കാരെയും വ്യാജ മാർഗങ്ങളെയും ഒഴിവാക്കുന്നത് നടപടിക്രമങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും സഹായകമാണെന്നും ജിഡിആർഎഫ്എ അറിയിച്ചു.
ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി ഇടപാടുകൾ പൂർത്തിയാക്കുന്നതിലൂടെ സേവനങ്ങൾ സുരക്ഷിതമായും സമയബന്ധിതമായും ലഭ്യമാക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇതുവഴി തെറ്റിദ്ധാരണകളും അനാവശ്യ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കഴിയും.
പൊതുജനങ്ങളുടെ സുരക്ഷയും സേവനങ്ങളുടെ സുതാര്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓർമ്മപ്പെടുത്തൽ നൽകിയതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. സർക്കാർ അംഗീകരിച്ച മാർഗങ്ങൾ പിന്തുടരുന്നതാണ് സുരക്ഷിതവും ശരിയായ ദിശയിലുമുള്ള ഏക മാർഗമെന്നും അധികൃതർ ആവർത്തിച്ചു.
ദുബൈയിലെ വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾ-ഫ്രീ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണെന്നും ജിഡിആർഎഫ്എ അറിയിച്ചു.









































