റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഫാമിലി ഓഫറുമായി ദുബായ് ഗ്ലോബല്‍ വില്ലേജ്. 30 ദിര്‍ഹത്തിന് നാല് പ്രവേശന ടിക്കറ്റുകളാണ് റമദാന്‍ കാലത്ത് ലഭ്യമാക്കുക. പുണ്യമാസത്തില്‍ ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം സമയത്തിലും മാറ്റം വരുത്തും. യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവേശം പകരുന്ന പ്രഖ്യാപനമാണ് ഗ്ലോബല്‍ വില്ലേജ് നടത്തിയിരിക്കുന്നത്.
റമദാന്‍ പ്രത്യേക ഓഫറിലൂടെ വെറും 30 ദിര്‍ഹത്തിന് നാല് പ്രവേശന ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഒരു ടിക്കറ്റിന്റെ വിലക്കാണ് മൂന്ന് ടിക്കറ്റുകള്‍ നല്‍കുന്നത്. കൂടുതല്‍ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ഓരോ ടിക്കറ്റിനും വെറും 7.5 ദിര്‍ഹം വീതം അധികം നല്‍കിയാല്‍ മതിയാകും. ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ട് മാത്രമേ ഈ പരിമിതകാല ഓഫര്‍ ലഭ്യമാക്കുയുള്ളുവെന്ന് ഗ്ലോബല്‍ വില്ലേജ് വ്യക്തമാക്കി.
റമദാന്‍ കാലത്ത് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ഗ്ലോബല്‍ വില്ലേജ് തുറന്നിരിക്കും. വ്യാഴം മുതല്‍ ശനിവരെ വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് പ്രവര്‍ത്തനം സമയം. പരമ്പരാഗത വിളക്കുകള്‍, ചന്ദ്രക്കലകള്‍, ആകര്‍ഷകമായ ലൈറ്റിംഗ്, ഫോട്ടോയ്ക്ക് അനുയോജ്യമായ ഇന്‍സ്റ്റാളേഷനുകള്‍ എന്നിവയാലും വില്ലേജ് അലങ്കരിക്കപ്പെടും.
റമദാന്‍ രാത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിനും ഒത്തുചേരലിനും പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തും. സൗജന്യമായി ഉപയോഗിക്കാവുന്ന, ടെന്റ് ശൈലിയിലുള്ള ഇരിപ്പിടങ്ങളാകും ഇതിനായി സജ്ജമാക്കുക. പുണ്യമാസത്തിലുടനീളം ഗ്ലോബല്‍ വില്ലേജിലെ പ്രധാന വേദിയില്‍ റമദാന്‍ പ്രമേയമാക്കിയുളള തത്സമയ വിനോദ പരിപാടികളും അരങ്ങേറും. റെസ്റ്റോറന്റ് പ്ലാസ, തെരുവുകള്‍, പവലിയനുകളിലെ പ്രത്യേക സ്റ്റാളുകള്‍, കഫേകള്‍ തുടങ്ങി 250ല്‍ അധികം ഭക്ഷണ ശാലകളിലൂടെ ലോകമെമ്പാടുമുളള രൂചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ടാകും. ഇതിന് പുറമെ 90-ലധികം സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകള്‍ മികച്ച ഷോപ്പിംഗ് അനുഭവവും സമ്മാനിക്കും.










































