കെട്ടിട ഉടമകൾക്ക് പൂർണ്ണ വാടക തുക ബാങ്ക് മുൻകൂറായി നൽകും; വാടകക്കാർക്ക് പ്രതിമാസ ഗഡുക്കളായി തിരിച്ചടക്കാൻ സൗകര്യം.
ദുബായ് : ദുബായിലെ താമസക്കാർക്ക് വീട്ടുവാടക തുക പലിശരഹിത പ്രതിമാസ ഗഡുക്കളായി അടച്ചുതീർക്കാൻ സൗകര്യമൊരുക്കുന്ന ‘റെന്റ് നൗ, പേ ലേറ്റർ’ പദ്ധതി വരുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (ഡി.എൽ.ഡി) പ്രമുഖ പ്രാദേശിക ബാങ്കുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം തയ്യാറാക്കുന്നത്.
പദ്ധതി പ്രകാരം, ഒരു വർഷത്തെ മുഴുവൻ വാടക തുകയും പങ്കാളിയാകുന്ന ബാങ്ക് കെട്ടിട ഉടമയ്ക്ക് ഒറ്റത്തവണയായി മുൻകൂറായി നൽകും. തുടർന്ന് വാടകക്കാരൻ ഈ തുക പലിശയില്ലാതെ 12 മാസത്തെ ഗഡുക്കളായി ബാങ്കിലേക്ക് തിരിച്ചടച്ചാൽ മതിയകും. മുൻകൂട്ടി നൽകുന്ന ചെക്കുകളുടെയും വലിയ ഒറ്റത്തവണ തുകകളുടെയും ബാധ്യത ഒഴിവാക്കാൻ ഇത് താമസക്കാരെ സഹായിക്കും.
പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ രീതികൾ, മറ്റ് നിബന്ധനകൾ എന്നിവ ഔദ്യോഗികമായി സേവനം ആരംഭിക്കുമ്പോൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കും.
ജൂൺ 23-ന് ഡി.എൽ.ഡി ആരംഭിച്ച ‘ഫ്ലെക്സി റെന്റ്’ മുൻകൈയുടെ തുടർച്ചയായാണ് ഈ സംവിധാനം എത്തുന്നത്. വാടക വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും താമസക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ ഈ നീക്കം നടത്തുന്നത്.










