ദുബൈ :ഒരു മാസത്തോളം നീണ്ട ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ വിദ്യാർഥികൾ നാളെ സ്കൂളിൽ തിരിച്ചെത്തും. ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന പ്രതിരോധ കുത്തിവയ്പുകൾ എടുത്ത് കുട്ടികളുടെ രോഗപ്രതിരോധം ഊർജിതമാക്കണമെന്ന് മന്ത്രാലയം രക്ഷിതാക്കളെ ഓർമിപ്പിച്ചുഗ്രേഡ് 11 വരെയുള്ള എല്ലാ വിദ്യാർഥികളും മന്ത്രാലയം നിർദേശിച്ചിട്ടുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിരിക്കണം. സ്കൂൾ ക്ലിനിക്കുകളിൽ കുട്ടിയുടെ കൃത്യമായ ചികിത്സാ വിവരങ്ങൾ രേഖപ്പെടുത്തണം. അലർജി, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ എന്നിവ സ്കൂളിൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം..സ്കൂൾ ബസ് വരുന്നതിന് 5 മിനിറ്റ് മുൻപെങ്കിലും കുട്ടികൾ സ്റ്റോപ്പിൽ എത്തണം.വിദ്യാർഥികളെ സ്കൂൾ ബസ്സിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും ‘സ്റ്റോപ്’ ബോർഡ് പ്രദർശിപ്പിച്ചാൽ മറ്റു വാഹനങ്ങൾ നിർബന്ധമായും 5 മീറ്റർ അകലത്തിൽ നിർത്തണം. സ്റ്റോപ് ബോർഡ് നീക്കി ബസ് മുന്നോട്ടുപോയാൽ മാത്രമേ മറ്റു വാഹനങ്ങൾ ബസ്സിനെ മറികടക്കാവൂ. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തുമ്പോൾ സ്റ്റോപ് അടയാളം ഇടാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തും.സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണം. സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച പാർക്കിങ്ങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ.കുട്ടിയുടെ ശരീരഭാരത്തിന്റെ 5 മുതൽ 10 ശതമാനത്തിൽ കൂടുതൽ ബാഗിന് ഭാരം ഉണ്ടാകരുത്. രണ്ട് തോളിലും സ്ട്രാപ്പുകൾ ഇട്ട് ബാഗ് ധരിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. പുതിയ സ്കൂൾ ബാഗ് നിയമം ഫെബ്രുവരി മുതലാണ് പ്രാബല്യത്തിലാവുക.

എങ്കിലും നാളെ മുതൽ ശീലമാക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. അമിത ഭാരം ചുമന്ന് കുട്ടികളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് നിയമം കർശനമാക്കുന്നത്. വീട്ടിൽ തയാറാക്കിയ പോഷകഗുണമുള്ള ആഹാരം ലഞ്ച് ബോക്സിൽ ഉൾപ്പെടുത്തണം. ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ഐസോടോണിക് ഒഴികെയുള്ള സ്പോർട്സ് പാനീയങ്ങൾ, മിഠായി, ചോക്കലേറ്റ് (ഡാർക്ക് ചോക്കലേറ്റ് ഒഴികെ), മാഷ്മലോസ്, കോട്ടൺ കാൻഡി, ഐസ്ക്രീം തുടങ്ങി കൃത്രിമ മധുരം ചേർത്തവ പാടില്ല. കാപ്പി, ചായ എന്നിവ ഉൾപ്പെടെ കഫീൻ അടങ്ങിയ പാനീയങ്ങൾ, ചിക്കൻ, സമൂസ തുടങ്ങി എണ്ണയിൽ വറുത്തവയും ഒഴിവാക്കണം.
സോസേജ്, ഹോട്ട് ഡോഗുകൾ തുടങ്ങി സംസ്കരിച്ച മാംസത്തിനും സ്കൂളിൽ നിരോധനമുണ്ട്. ചിപ്സ്, പഫ്ഡ് കോൺ, സോയ മിൽക്ക്, സോയ അധിഷ്ഠിത സോസുകൾ എന്നിവയും സ്കൂളിൽ നിരോധിച്ചു. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശീലിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ, ടാബ് തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.










































