കേന്ദ്രമന്ത്രി ഡോ. താനി അൽ സെയൂദിയും ബോളിവുഡ് താരം സുനിൽ ഷെട്ടിയും ചടങ്ങിൽ പങ്കെടുത്തു.
ദുബായ് :ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ ഭരണ നേതൃത്വത്തിന് കൂറുപ്രഖ്യാപിച്ചും ഭാരതത്തിന്റെ വികസന കാഴ്ചപ്പാടുകൾക്ക് പിന്തുണയറിയിച്ചും ദുബായിൽ ഭാരതീയ പ്രവാസികളുടെ വൻ സംഗമം. ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്) സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് പ്രവാസികളാണ് പങ്കെടുത്തത്.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഭരണത്തിന് കീഴിൽ രാജ്യം നൽകുന്ന സുരക്ഷയ്ക്കും അവസരങ്ങൾക്കും നന്ദി അർപ്പിച്ചുകൊണ്ട് ഭരണ നേതൃത്വത്തോട് വിശ്വസ്തത പുലർത്തുമെന്ന പ്രതിജ്ഞ ചടങ്ങിൽ ഏവരും ഏറ്റുചൊല്ലി.
തുടർന്ന്, 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വികസിത് ഭാരത് 2047’ കാഴ്ചപ്പാടിനും അതിനായുള്ള ‘സപ്തധാര’ പദ്ധതികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന രണ്ടാമത് പ്രതിജ്ഞയും എടുത്തു. നിർമ്മാണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം, ഹരിത സാമ്പത്തിക മേഖല, കൃഷി, സാംസ്കാരിക മുന്നേറ്റം എന്നീ ഏഴ് മുൻഗണനാ മേഖലകളെ കേന്ദ്രീകരിച്ചാണ് സപ്തധാര ചട്ടക്കൂട് പ്രവർത്തിക്കുന്നത്.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത യുഎഇ വിദേശവ്യാപാര കാര്യ മന്ത്രി ഡോ. താനി അൽ സെയൂദി പ്രവാസി സമൂഹത്തിന് അഭിവാദ്യമർപ്പിച്ചു. യുഎഇയിൽ വസിക്കുന്ന 45 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം വേഗത്തിൽ വളരുകയാണെന്നും 2032-ഓടെ 200 ശതകോടി ഡോളർ വ്യാപാരം എന്ന ലക്ഷ്യത്തിലേക്ക് ഇരുരാജ്യങ്ങളും മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക ക്ഷണിതാവായി എത്തിയ ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും ചടങ്ങിൽ പ്രതിജ്ഞയുടെ ഭാഗമായി. പ്രവാസി സംരംഭകരെ പിന്തുണയ്ക്കുന്നതിനായുള്ള തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി എന്നിവർ സംസാരിച്ചു. കർമ്മഭൂമിയോടുള്ള വഫാദാരിയും മാതൃഭൂമിയോടുള്ള സ്നേഹവും ഒരുപോലെ കാത്തുസൂക്ഷിക്കുന്നവരാണ് പ്രവാസി സമൂഹമെന്ന് കോൺസുൽ ജനറൽ അഭിപ്രായപ്പെട്ടു. ഐപിഎഫ് പ്രസിഡന്റ് ജിതേന്ദ്ര വൈദ്യ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സിദ്ധാർത്ഥ് ബാലചന്ദ്രൻ എന്നിവരും പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി നൂറിലധികം കലാകാരന്മാർ അണിനിരന്ന വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.










