ന്യൂഡൽഹി: ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് അസംസ്കൃത എണ്ണയുമായി രണ്ട് സൂപ്പർ ടാങ്കറുകൾ ഇന്ത്യൻ തീരത്തെത്തി. അമേരിക്കൻ ഉപരോധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാൻ എണ്ണ ഇറക്കുമതിയാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ‘ഫെലിസിറ്റി’ എന്ന ടാങ്കർ ഗുജറാത്തിലെ സിക്ക തുറമുഖത്ത് എത്തി. ഏകദേശം 20 ലക്ഷം ബാരൽ എണ്ണയാണ് ഇതിലുള്ളത്. രണ്ടാമത്തെ ടാങ്കറായ ‘ജയ’ ഒഡീഷയിലെ പാരദ്വീപ് തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്.
ഇസ്രായേൽ-യു.എസ് ആക്രമണങ്ങൾക്ക് മുൻപ് ഇറാനിലെ ഖാർഗ് ദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പലുകളാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. അമേരിക്കയുടെ ഉപരോധം കാരണം വർഷങ്ങളായി നിലച്ചിരുന്ന ഇറാൻ എണ്ണ ഇറക്കുമതി, ആഗോള എണ്ണ പ്രതിസന്ധി പരിഹരിക്കാൻ യു.എസ് ഇളവ് നൽകിയതോടെ പുനരാരംഭിച്ചതാണ്.
അതേസമയം, ഇസ്‌ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സൂചനകളാണ് ലഭിക്കുന്നത്. ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ മേഖലയിൽ ആശങ്ക വർധിച്ചു.
ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തിന് ഇസ്രായേൽ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ പ്രതികരിച്ചു.
പുതിയ സംഭവവികാസങ്ങൾ ആഗോള എണ്ണവിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. എണ്ണവിലയിൽ വർധനയും വിതരണ അനിശ്ചിതത്വവും തുടരുമെന്ന ആശങ്ക ശക്തമാണ്.






































