തിരുവനന്തപുരം: മുസ്ലിം ലീഗ് എം.എൽ.എമാരെയും മന്ത്രിമാരെയും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ആറുമാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ജനപ്രതിനിധികളുടെ പ്രവർത്തനം കൂടുതൽ ഉത്തരവാദിത്തപരവും കാര്യക്ഷമവുമാക്കുന്നതിനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രത്യേക പരിശീലനവും സ്റ്റഡി ക്ലാസുകളും നൽകുമെന്നും, നിയമസഭയിലെ പ്രവർത്തനം, പ്രസംഗം, മണ്ഡല വികസന പ്രവർത്തനങ്ങൾ എന്നിവയിൽ പാർട്ടി നിലപാടുകൾ വ്യക്തമായി ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ എം.എൽ.എയും അവരുടെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് ആറുമാസത്തിലൊരിക്കൽ പാർട്ടിക്ക് സമർപ്പിക്കേണ്ടതുണ്ടാകും.
ബി.ജെ.പി ശക്തമായ മണ്ഡലങ്ങളിൽ മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണം നിർണായകമാണെന്നും, എല്ലാ പാർട്ടികളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് ലഭിച്ച വിജയം ജനങ്ങളുടെ സർക്കാരിനോടുള്ള വിലയിരുത്തലിന്റെ പ്രതിഫലനമാണെന്നും, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഭരണ മാറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസം യു.ഡി.എഫ് പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകുന്നതിലൂടെ ശക്തമായ രണ്ടാം നിര നേതൃത്വം വളർത്തുകയാണ് ലക്ഷ്യമെന്നും, വനിതാ പ്രതിനിധിത്വം വർധിപ്പിക്കുന്നതിനും പാർട്ടി പ്രാധാന്യം നൽകുന്നുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.













































