മലപ്പുറം: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുപക്ഷവുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക് മടങ്ങുന്നു. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്യും.
“സഹയാത്രികർക്ക് ഇടതുമുന്നണിയിൽ പരിഗണന ലഭിക്കുന്നില്ലെന്നും ചേർത്തുപിടിക്കുന്നില്ലെന്നുമുള്ള” അതൃപ്തി പരസ്യമാക്കിയാണ് റസാഖിന്റെ ഈ രാഷ്ട്രീയ ചുവടുമാറ്റം. 2016-ൽ ലീഗ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടി വിട്ട അദ്ദേഹം ഇടത് സ്വതന്ത്രനായി മത്സരിച്ച് കൊടുവള്ളിയിൽ നിന്ന് നിയമസഭയിലെത്തിയിരുന്നു. എന്നാൽ കുറച്ചുനാളുകളായി സിപിഎം പ്രാദേശിക നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലായിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള റസാഖിന്റെ മടങ്ങിവരവ് മലബാറിലെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും അദ്ദേഹം ഇന്ന് ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കും.
English Summary: Former MLA Karat Razak has decided to end his ties with the LDF and rejoin the Muslim League (UDF). Citing neglect within the Left front, he will officially accept party membership at Panakkad today.















































