കാസര്‍കോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നാലത്തടുക്ക സ്വദേശിനിയായ ജസീലയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പൊവ്വല്‍ സ്വദേശിനിയായ ആയിഷയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
സുഹൃത്തിന്റെ അമ്മയുടെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ജസീല മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് മുന്‍പായി തന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശവും ജസീല പകര്‍ത്തിയിരുന്നു.
വീഡിയോയില്‍ താന്‍ സ്വര്‍ണം എടുത്തിട്ടില്ലെന്നും, തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ജസീല പറഞ്ഞു. “ഞാന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ നല്‍കണം. എടുത്തിട്ടില്ലാത്ത ആഭരണം എങ്ങനെ തിരികെ നല്‍കാനാകും” എന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.
ജസീല നേരിട്ടത് കടുത്ത അപമാനമാണെന്നും മോഷണക്കുറ്റം ആരോപിച്ച് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിച്ചു. ആദൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോഴും നടപടി ഉണ്ടായില്ലെന്നും കുടുംബം പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary
Police arrested a neighbour in connection with the suicide of Jasila, a young woman from Nalathadukka in Kasaragod, who allegedly took her life after facing false theft accusations. The accused, Aisha from Povval, was arrested on charges of abetment to suicide. Before her death, Jasila recorded a video stating she was innocent and had been falsely accused.











































