തിരുവനന്തപുരം: വൈദ്യുതി ബില്ലിലൂടെ സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഈ മാസം വിതരണം ചെയ്ത വൈദ്യുതി ബില്ലുകളിൽ അടയ്ക്കേണ്ട തുകയ്ക്ക് താഴെ “പവർകട്ടും ലോഡ് ഷെഡിംഗും ഇല്ലാത്ത 10 വർഷങ്ങൾ” എന്ന വാചകം ഉൾപ്പെടുത്തിയതിനെതിരെയാണ് ‘സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി’ പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ ഇത്തരം പരസ്യ വാചകങ്ങൾ ഉൾപ്പെടുത്തുന്നത് ചട്ടലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ബോർഡ് അധികൃതർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി വേണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം പ്രതീക്ഷിക്കപ്പെടുന്നു.















































